ഇന്ത്യ 497 റൺസെടുത്ത് ഡിക്ലയർ ചെയ്തു; തുടക്കത്തിൽ തന്നെ കാലിടറി ദക്ഷിണാഫ്രിക്ക

റാഞ്ചി: വെളിച്ചക്കുറവ് ഓവറുകൾ വെട്ടിച്ചുരുക്കിയിട്ടും തുടക്കത്തിൽ പതറിയിട്ടും അടിച്ചുകയറി കൂറ്റൻ സ്‌കോറിൽ ഒന്നാം ഇന്നിങ്‌സ് ഡിക്ലയർ ചെയ്ത് ഇന്ത്യ. ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 497 റൺസെടുത്താണ് ഇന്ത്യ മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സ് അവസാനിപ്പിച്ചത്. അതേസമയം, ഇന്ത്യയുടെ സ്‌കോറിനെതിരെ ബാറ്റേന്തിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കം തന്നെ കാലിടറി. രണ്ടാം ദിനം വെളിച്ചക്കുറവ് മൂലം കളി അവസാനിപ്പിക്കുമ്പോൾ അഞ്ച് ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 9 റൺസ് മാത്രമാണ് ദക്ഷിണാഫ്രിക്കയുടെ സമ്പാദ്യം.

ദക്ഷിണാഫ്രിക്കയിക്കായി എട്ടു പന്തിൽ ഒരു റണ്ണെടുത്ത ഫാഫ് ഡുപ്ലെസിയും റണ്ണൊന്നുമെടുക്കാതെ സുബൈർ ഹംസയുമാണ് ക്രീസിൽ. ഡീ കോക്ക് നാലു റൺസിനും ഡീൻ എൽഗർ പൂജ്യത്തിനും പുറത്തായി.

അതേസമയം, തിരിച്ചടികൾക്കിടയിലും ടെസ്റ്റ് കരിയറിലെ ആദ്യ ഇരട്ട സെഞ്ച്വറി നേടിയ രോഹിത് ശർമ്മയും സെഞ്ച്വറി സ്വന്തമാക്കിയ അജിൻക്യ രഹാനെയുമാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് എത്തിച്ചത്. രോഹിത് 212 റൺസും രഹാനെ 115 റൺസുമെടുത്തു. മൂന്ന് വർഷത്തിന് ശേഷമാണ് രഹാനെ ഇന്ത്യയിൽ സെഞ്ച്വറി നേടുന്നത്. 10 പന്തിൽ അഞ്ച് സിക്‌സറുകൾ സഹിതം 31 റൺസെടുത്ത് ഉമേഷ് യാദവ് റൺറേറ്റ് ഉയർത്തി. രവീന്ദ്ര ജഡേജ 51 റൺസെടുത്തതും ഇന്ത്യയ്ക്ക് മുതൽക്കൂട്ടായി. ദക്ഷിണാഫ്രിക്കയ്ക്കായി ജോർജ് ലിൻഡ് നാല് വിക്കറ്റും കഗിസോ റബാദ മൂന്ന് വിക്കറ്റും വീഴ്ത്തി.

Exit mobile version