ഗോൾ വേട്ടയിൽ ഇത്തവണയും എതിരാളികളില്ല; ഗോൾഡൻ ഷൂ പുരസ്‌കാരത്തിൽ ആറാം തമ്പുരാനായി മെസി

തിയാഗോയും മത്തേയൂവും ചേർന്നാണ് ബാഴ്സലോണയിൽ നടന്ന ചടങ്ങിൽ പുരസ്‌കാരം ഏറ്റുവാങ്ങിയത്.

ബാഴ്സലോണ: വീണ്ടും യൂറോപ്യൻ ക്ലബ് ഫുട്‌ബോളിലെ ടോപ് സ്‌കോറർക്കുള്ള ഗോൾഡൻ ഷൂ പുരസ്‌കാരം ലയണൽ മെസിയെ തേടിയെത്തി. ആറാം തവണയാണ് മെസി ഗോൾഡൺ ഷൂ സ്വന്തമാക്കുന്നത്. ലാലിഗയിലെ ഗോൾ വേട്ടയാണ് ബാഴ്സലോണ ക്യാപ്റ്റൻ ലയോണൽ മെസിക്ക് തുണയായത്.

കഴിഞ്ഞ സീസണിൽ 34 കളിയിൽ മെസി അടിച്ചുകൂട്ടിയത് 36 ഗോളാണ്. യൂറോപ്യൻ ലീഗുകളിലെ ടോപ് സ്‌കോറർക്കുള്ള പുരസ്‌കാരം മെസിയെ തേടിയെത്തുന്നത് ഇത് തുടർച്ചയായ മൂന്നാം തവണയും. മെസിയുടെ മക്കളായ തിയാഗോയും മത്തേയൂവും ചേർന്നാണ് ബാഴ്സലോണയിൽ നടന്ന ചടങ്ങിൽ പുരസ്‌കാരം ഏറ്റുവാങ്ങിയത്.

നാല് തവണ പുരസ്‌കാരം നേടിയ റൊണാൾഡോയുമായുള്ള വ്യത്യാസം വീണ്ടും ഉയർത്തി രണ്ടാക്കി മാറ്റിയ മെസി പരിശീലകരോടും സഹതാരങ്ങളോടും കുടുംബത്തോടും പുരസ്‌കാര നേട്ടത്തിൽ നന്ദി പറയുകയും ചെയ്തു. ഫ്രഞ്ച് ലീഗിൽ പാരിസ് സെന്റ് ജെർമെയ്‌ന് വേണ്ടി 33 ഗോൾ നേടിയ കിലിയൻ എംബാപ്പേയാണ് രണ്ടാം സ്ഥാനത്ത്.

Exit mobile version