മേരി കോം ഫൈനലിൽ കടന്നില്ല; ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ വെങ്കലം മാത്രം; റഫറിക്ക് എതിരെ അപ്പീൽ നൽകി ഇന്ത്യ

ഉലാൻഉദെ: ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ മേരി കോമിന് ഫൈനലിൽ കടക്കാനായില്ല. സെമി ഫൈനലിൽ രണ്ടാം സീഡ് താരവും യൂറോപ്യൻ ജേതാവുമായ തുർക്കിയുടെ ബുസാനെസ് ചാകിരൊഗ്ലുവിനോട് മേരി പരാജയപ്പെടുകയായിരുന്നു. അതേസമയം, 1-4ന് മേരി കോം പരാജയപ്പെട്ടെന്ന മത്സരഫലം ചോദ്യം ചെയ്ത് ഇന്ത്യ അപ്പീൽ നൽകി. റഫറിയുടെ തീരുമാനത്തെ ചോദ്യം ചെയ്താണ് ഇന്ത്യ അപ്പീൽ നൽകിയത്.

മത്സരഫലത്തിൽ അപാകതകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ അപ്പീൽ നൽകിയത്. എന്നാൽ വിധിനിർണയത്തിൽ റഫറിക്ക് തെറ്റ് സംഭവിച്ചിട്ടില്ല എന്ന് ചൂണ്ടിക്കാട്ടി അപ്പീൽ നിരസിച്ചു. അതേസമയം, ലോക ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ മേരി, ബോക്‌സിങിൽ ഏറ്റവും കൂടുതൽ മെഡൽ നേടിയ താരമെന്ന റെക്കോഡും സ്വന്തമാക്കി.

ക്വാർട്ടറിൽ കൊളംബിയയുടെ വലൻസിയ വിക്ടോറിയയെ തോൽപ്പിച്ചാണ് മേരി കോം സെമിയിൽ പ്രവേശിച്ചത്. 5-0 ത്തിനായിരുന്നു മേരിയുടെ വിജയം. ചൈനയുടെ സായ് സോങ്ജുവിനെ വീഴ്ത്തിയാണ് ബുസാനെസ് സെമിയിലെത്തിയത്.

Exit mobile version