രണ്ടാം ടെസ്റ്റിലും തകർത്തടിച്ച് ഇന്ത്യ; മായങ്ക് അഗർവാളിന് സെഞ്ച്വറി

പൂണെ: രണ്ടാം ടെസ്റ്റിലും ടോസ് കിട്ടി ബാറ്റിങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ മികച്ച തുടക്കം. വിശാഖപട്ടണത്ത് പ്രകടമാക്കിയ ബാറ്റിങ് മികവ് മായങ്ക് അഗർവാൾ പൂണെയിലും തുടർന്നതോടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യ പിടിമുറുക്കാൻ ആരംഭിച്ചു.

തുടർച്ചയായ രണ്ടാം സെഞ്ച്വറി കുറിച്ച മായങ്ക് 195 പന്തിൽ നിന്ന് രണ്ടു സിക്സും 16 ബൗണ്ടറികളുമടക്കം 108 റൺസെടുത്തു. ഒടുവിൽ നേരിട്ട 195ാമത്തെ റബാദ എറിഞ്ഞ പന്തിൽ ഡുപ്ലെസിസിന് പിടികൊടുത്താണ് മായങ്ക് മടങ്ങിയത്. ആദ്യ ടെസ്റ്റിൽ ഇരട്ട സെഞ്ച്വറി നേടിയ രോഹിത് ശർമ്മ ഇത്തവണ ആദ്യദിനം തന്നെ 14 റൺസോടെ മടങ്ങിയപ്പോൾ രണ്ടാം വിക്കറ്റിൽ ചേതേശ്വർ പൂജാരയുമൊത്ത് മായങ്ക് ടീമിനെ മുന്നോട്ടുനയിക്കുകയായിരുന്നു. ഇരുവരും രണ്ടാം വിക്കറ്റിൽ 138 റൺസ് ചേർത്ത ശേഷമാണ് പിരിഞ്ഞത്.

112 പന്തിൽ നിന്ന് ഒരു സിക്സും ഒമ്പത് ബൗണ്ടറികളുമടക്കം 58 റൺസെടുത്ത പൂജാരയെ റബാദയാണ് മടക്കിയത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 257 റൺസെന്ന നിലയിലാണ് ഇന്ത്യ. ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും (53*) അജിങ്ക്യ രാഹാനെയുമാണ് (12*) ക്രീസിൽ.

Exit mobile version