ലോകകപ്പ് ട്വന്റി-ട്വന്റി: അയര്‍ലാന്‍ഡിനെ തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍ സെമിയില്‍! രാധ യാദവിന് മൂന്ന് വിക്കറ്റ്

അയര്‍ലാന്‍ഡിനെ 52 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ സെമിയിലേക്ക് മാര്‍ച്ച് ചെയ്തത്.

ജോര്‍ജ്ടൗണ്‍: ലോകകപ്പ് വനിതാ ട്വന്റി-ട്വന്റിയില്‍ ഇന്ത്യ സെമിയില്‍. അയര്‍ലാന്‍ഡിനെ 52 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ സെമിയിലേക്ക് മാര്‍ച്ച് ചെയ്തത്. തുടര്‍ച്ചയായ മൂന്നാം ജയത്തോടെയാണ് ഇന്ത്യ സെമിയില്‍ കടന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെടുത്തു. മറുപടി ബാറ്റിങ് ആരംഭിച്ച അയര്‍ലാന്‍ഡിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍െടുക്കാന്‍ മാത്രമാണ് സാധിച്ചത്.

രാധ യാദവിന്റെ മൂന്ന് വിക്കറ്റ് പ്രകടനമാണ് അയര്‍ലാന്‍ഡിനെ തകര്‍ത്തത്. എതിര്‍ നിരയില്‍ 33 റണ്‍സെടുത്ത ഇസൊബെല്‍ ജോയ്സ് മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഓപ്പണര്‍ ക്ലെയന്‍ ഷില്ലിങ്ടണ്‍ 23 റണ്‍സെടുത്തു. മറ്റാര്‍ക്കും രണ്ടക്കം കടക്കാന്‍ സാധിച്ചില്ല.

ടോസ് നഷ്ടപ്പെട്ട ബാറ്റിങ്ങിന് ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെടുത്തു. 51 റണ്‍സെടുത്ത മിതാലി രാജിന്റെ പ്രകടനമാണ് ഇന്ത്യയുടെ സ്‌കോര്‍ 140 കടത്തിയത്. അയര്‍ലാന്‍ഡിനായി കിം ഗാര്‍ത്ത് രണ്ട് വിക്കറ്റെടുത്തു.

സ്മൃതി മന്ദാന (33)യും മിതാലിയും നല്ല തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. ഇരുവരും ആദ്യ വിക്കറ്റില്‍ 67 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പിന്നീടെത്തിയവരില്‍ ആര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ജമീമ റോഡ്രിഗസ് (18), ഹര്‍മന്‍പ്രീത് കൗര്‍ (7), വേദ കൃഷ്ണമൂര്‍ത്തി (9), ദയാലന്‍ ഹേമലത (4) എന്നിവര്‍ പെട്ടെന്ന് മടങ്ങി. ദീപ്തി ശര്‍മ (11), രാധ യാവദ് (1) എന്നിവര്‍ പുറത്താവാതെ നിന്നു. മിതാലിയാണ് മാന്‍ ഓഫ് ദ മാച്ച്.

നേരത്തെ ഗ്രൂപ്പിലെ രണ്ട് മത്സരങ്ങളിലും ഇന്ത്യ വിജയിച്ചിരുന്നു. ആദ്യ മത്സരത്തില്‍ കരുത്തരായ ന്യൂസിലാന്‍ഡിനേയും രണ്ടാം മത്സരത്തില്‍ പാകിസ്താനേയും ഇന്ത്യ തോല്‍പ്പിച്ചിരുന്നു.

Exit mobile version