ചൈന ഓപ്പണിൽ ലോകചാമ്പ്യനെ ഞെട്ടിച്ച് തായ്‌ലാൻഡ് താരം; പിവി സിന്ധുവിന് പ്രീക്വാർട്ടറിൽ ദയനീയ പരാജയം

പിവി സിന്ധുവിനെ അട്ടിമറിച്ച് തായ്ലാൻഡിന്റെ സീഡ് ചെയ്യപ്പെടാത്ത താരം പോൺപാവീ ചോചുവോങ്.

ബെയ്ജിങ്: ബാഡ്മിന്റൺ ലോകചാമ്പ്യൻ പിവി സിന്ധുവിനെ ഞെട്ടിച്ച് തായ്‌ലാൻഡ് താരത്തിന്റെ മിന്നും പ്രകടനം. ലോകചാമ്പ്യനായതിനുശേഷമുള്ള ആദ്യ ടൂർണമെന്റിൽ പിവി സിന്ധുവിനെ അട്ടിമറിച്ച് തായ്ലാൻഡിന്റെ സീഡ് ചെയ്യപ്പെടാത്ത താരം പോൺപാവീ ചോചുവോങ്.

ചൈന ഓപ്പൺ ബാഡ്മിന്റണിന്റെ വനിതാ സിംഗിൾസ് പ്രീക്വാർട്ടറിലാണ് സിന്ധുവിന് അപ്രതീക്ഷിത തോൽവി നേരിടേണ്ടി വന്നത്. അഞ്ചാം സീഡായ സിന്ധുവിനെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിലാണ് തായ്ലാൻഡ് താരം പരാജയപ്പെടുത്തിയത്. ഒന്നിനെതിരേ രണ്ട് ഗെയിമുകൾക്കായിരുന്നു അട്ടിമറി.

ആദ്യ ഗെയിം അനായാസമായി സ്വന്തമാക്കിയശേഷമാണ് സിന്ധു പിന്നീടുള്ള രണ്ട് ഗെയിമുകളും അനാവശ്യമായി വിട്ടുകൊടുക്കുകയായിരുന്നു. സ്‌കോർ: 21-12, 13-21, 19-21. മത്സരം 58 മിനിറ്റ് നീണ്ടുനിന്നു.

ലോകറാങ്കിങ്ങിൽ പതിനഞ്ചാം സ്ഥാനക്കാരിയാണ് ഏഷ്യൻ ഗെയിംസ് ടീമിനത്തിൽ വെങ്കല മെഡൽ ജേതാവുകൂടിയായ പോൺപാവീ ചോചുവോങ്. സിന്ധുവിനെതിരെ മുമ്പ് മൂന്നുതവണ ഏറ്റുമുട്ടിയപ്പോഴും പരാജയപ്പെട്ട ചോചുവോങ് നാലാം തവണ വിജയം സ്വന്തമാക്കുകയായിരുന്നു.

Exit mobile version