മിതാലി രാജ് ട്വന്റി-20യിൽ നിന്നും വിരമിച്ചു;അവസാനിപ്പിക്കുന്നത് 13 വർഷത്തെ കരിയർ

പുറത്താകാതെ നേടിയ 97 റൺസാണ് ഏറ്റവുമുയർന്ന സ്‌കോർ.

ന്യൂഡൽഹി: ഇന്ത്യൻ വനിതാ ക്രിക്കറ്റിന് അഭിമാനിക്കാവുന്ന ഒട്ടനേകം നേട്ടങ്ങൾ സമ്മാനിച്ച താരം മിതാലി രാജ് അന്താരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. 36-കാരിയായ മിതാലി മൂന്ന് വനിതാ ട്വന്റി-20 ലോകകപ്പുൾപ്പടെ 32 ട്വന്റി-20യിൽ ഇന്ത്യയെ നയിച്ചിട്ടുണ്ട്. 89 മത്സരങ്ങളിൽ നിന്ന് 37.5 ബാറ്റിങ് ശരാശരിയിൽ 2364 റൺസ് മിതാലിയുടെ അക്കൗണ്ടിലുണ്ട്. പുറത്താകാതെ നേടിയ 97 റൺസാണ് ഏറ്റവുമുയർന്ന സ്‌കോർ.

താൻ 2006 മുതൽ ട്വന്റി-20യിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നുണ്ട്. 13 വർഷത്തെ ട്വന്റി-20 കരിയറിന് ഇവിടെ വിരാമം കുറിക്കുകയാണ്. ഇനി 2021 ഏകദിന ലോകകപ്പിലേക്ക് മാത്രമാകും തന്റെ ശ്രദ്ധയെന്ന് മിതാലി വിരമിക്കിൽ പ്രഖ്യാപിച്ചുകൊണ്ട് വ്യക്തമാക്കി. 2006-ൽ ഡെർബിയിൽ ഇന്ത്യ ആദ്യമായി അന്താരാഷ്ട്ര ട്വന്റി-20 കളിച്ചത് മിതാലിയുടെ ക്യാപ്റ്റൻസിയിലായിരുന്നു. ട്വന്റി-20യിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരമെന്ന റെക്കോഡുമായാണ് മിതാലി കളത്തിനോട് വിടപറയുന്നത്. മാർച്ചിൽ ഗുവാഹത്തിയിൽ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു മിതാലിയുടെ അവസാന ട്വന്റി-20 മത്സരം.

2000 ട്വന്റി-20 റൺസ് നേടുന്ന ആദ്യ ഇന്ത്യൻ ക്രിക്കറ്റ് താരവും മിതാലിയാണ്. ‘ലോകകപ്പിൽ ഇന്ത്യക്ക് വേണ്ടി കിരീടം നേടുക എന്ന എന്റെ സ്വപ്നം ഇപ്പോഴും പൂർത്തിയായിട്ടില്ല. ഇന്ത്യൻ ടീമിനും ബിസിസിഐയ്ക്കും ഞാൻ നന്ദി പറയുന്നു.’ മിതാലി വ്യക്തമാക്കി. ഏഴു സെഞ്ച്വറികൾ ഉൾപ്പടെ 6720 റൺസാണ് ഏകദിനത്തിലെ മിതാലിയുടെ സംഭാവന. 203 ഏകദിനങ്ങൾ കളിച്ച മിതാലിയുടെ ബാറ്റിങ് ശരാശരി 51.29 ആണ്.

Exit mobile version