രാജകീയം ഈ വിജയം; ലോകബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് ആദ്യസ്വർണ്ണം സമ്മാനിച്ച് പിവി സിന്ധു!

വെറും 38 മിനിറ്റിനുള്ളിലാണ് ഒകുഹാരയെ സിന്ധു വെള്ളിയിലേക്ക് തള്ളിവിട്ടത്.

ബാസൽ : കഴിഞ്ഞ രണ്ട് തവണയും തുടർച്ചയായി ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പ് ഫൈനലിൽ കാലിടറി തളർന്നുപോയ പിവി സിന്ധു ഒടുവിൽ മൂന്നാം അവസരത്തിൽ ആ നേട്ടം സ്വന്തമാക്കിയിരിക്കുന്നു. ചരിത്രത്താളിൽ ഇടം പിടിച്ച് ഇന്ത്യയ്ക്കായി സ്വർണ്ണം നേടി പിവി സിന്ധു. ലോക നാലാം നമ്പർ താരമായ ജപ്പാന്റെ നൊസോമി ഒകുഹാരയെ എതിരില്ലാത്ത രണ്ടു ഗെയിമുകൾക്കു വീഴ്ത്തിയാണ് അഞ്ചാം റാങ്കുകാരിയായ സിന്ധുവിന്റെ സുവർണനേട്ടം. വെറും 38 മിനിറ്റിനുള്ളിലാണ് ഒകുഹാരയെ സിന്ധു വെള്ളിയിലേക്ക് തള്ളിവിട്ടത്.

അവിശ്വസനീയമായിരുന്നു സിന്ധുവിന്റെ എതിരാളിക്കു മേലുള്ള മേധാവിത്വം. സ്‌കോർ: 21-7, 21-7. ഒകുഹാരയ്‌ക്കെതിരായ പോരാട്ടങ്ങളിൽ സിന്ധുവിന്റെ ഒമ്പതാം ജയമാണിത്.

2017ൽ ടൂർണമെന്റിലെ തന്റെ ആദ്യ ഫൈനലിൽ പരാജയപ്പെടുത്തിയ ഒകുഹാരയോടുള്ള മധുരപ്രതികാരം കൂടിയായിരുന്നു സിന്ധുവിന് ഈ കിരീടം. കഴിഞ്ഞ വർഷവും ഫൈനലിൽ കടന്നെങ്കിലും സ്പാനിഷ് താരം കരോലിന മാരിനോടു തോറ്റുമടങ്ങി. കഴിഞ്ഞ രണ്ടു ഫൈനലുകളിലെയും തോൽവിയുടെ നിരാശകളെ മായ്ച്ചു കളയുന്നതായിരുന്നു സിന്ധുവിന്റെ ഈ വിജയം. രാജകീയ ജയമെന്നല്ലാതെ എന്ത് വിശേഷിപ്പിക്കാനാണ്.

ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ ആദ്യ സ്വർണം കൂടിയാണിത്. സിന്ധുവിന്റെ കരിയറിലെ അഞ്ചാം മെഡലും. ഇതിൽ രണ്ടെണ്ണം വെള്ളിയും രണ്ടെണ്ണം വെങ്കലവുമാണ്. വനിതാ വിഭാഗത്തിൽ സൈന നെഹ്‌വാളും ഇന്ത്യയ്ക്കായി വെള്ളി നേടിയിട്ടുണ്ട്.

Exit mobile version