സ്‌കൂള്‍ യൂണിഫോമില്‍ കുതിരപ്പുറത്ത് സഞ്ചരിച്ച് പെണ്‍കുട്ടി; അമ്പരന്ന് നാട്ടുകാര്‍; വീഡിയോ വൈറല്‍

പത്താം ക്ലാസിലെ അവസാന പരീക്ഷ എഴുതാനാണ് മൂന്നര കിലോമീറ്ററോളം കുതിരപ്പുറത്ത് സഞ്ചരിച്ച് ഈ കൊച്ച് മിടുക്കി എത്തിയത്

സ്‌കൂള്‍ യൂണിഫോമിട്ട് കുതിരപ്പുറത്ത് പരീക്ഷയ്ക്ക് പോകുന്ന പെണ്‍കുട്ടിയാണ് സമൂഹമാധ്യമങ്ങളിലെ ഇപ്പോഴത്തെ താരം. മറ്റു കുട്ടികള്‍ ബസ്സിലും സൈക്കിളുകളിലും പോകുമ്പോള്‍ അവരില്‍ നിന്നും വ്യത്യസ്ഥയാവുകയാണ് തൃശ്ശൂര്‍ മാള സ്വദേശിയായ കൃഷ്ണ എന്ന പെണ്‍കുട്ടി. പത്താം ക്ലാസിലെ അവസാന പരീക്ഷ എഴുതാനാണ് മൂന്നര കിലോമീറ്ററോളം കുതിരപ്പുറത്ത് സഞ്ചരിച്ച് ഈ കൊച്ച് മിടുക്കി എത്തിയത്.

കുതിരപ്പുറത്ത് കുതിച്ച് പായുന്ന പെണ്‍കുട്ടിയെ കണ്ട് അമ്പരന്നിരിക്കുകയാണ് മാളയിലെ നാട്ടുകാര്‍. നാരായണത്ത് മഹാവിഷ്ണു ക്ഷേത്രത്തിലെ പൂജാരി അജയ് കാലിന്ദിയുടെയും ഇന്ദുവിന്റേയും ഏകമകളാണ് പത്താംക്ലാസുകാരിയായ കൃഷ്ണ. സാധാരണ പെണ്‍കുട്ടികളെക്കാള്‍ കുറച്ച് വ്യത്യസ്ഥയാണ് ഈ കൊച്ച് മിടുക്കി.

ഹോളിഗ്രേസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ കൃഷ്ണയ്ക്ക് കുതിര സവാരി പഠിപ്പിക്കാനെത്തിയ പരിശീലകരില്‍ നിന്നാണ് കുതിര കമ്പം കിട്ടിയത്. സ്‌കൂളില്‍ നിന്ന് കുതിരപ്പുറത്ത് കയറാന്‍ കിട്ടിയ അവസരം കൃഷ്ണയുടെ കുതിര കമ്പത്തിന്റെ ആക്കം കൂട്ടി. കുതിര സവാരി പരിശീലിക്കണമെന്ന തന്റെ ആഗ്രഹം വീട്ടില്‍ അറിയിച്ചപ്പോള്‍ മാതാപിതാക്കളില്‍ നിന്നും നല്ല പിന്തുണയും കൃഷ്ണയ്ക്ക് ലഭിച്ചു.

ഒടുവില്‍ കുതിര ഓട്ടത്തില്‍ അത്യുഗ്രന്‍ പ്രകടനമാണ് കൃഷ്ണയുടേതെന്ന് പരിശീലകനും സമ്മതിച്ചതോടെ മാതാപിതാക്കള്‍ മകള്‍ക്ക് സ്വന്തമായി ഒരു കുതിരയെ തന്നെ വാങ്ങി നല്‍കി. കുറച്ച് കാലത്തെ പരിശീലനത്തിന് ശേഷം ഈ കുതിരയെ വിറ്റ് പകരം രണ്ട് കുതിരകളെ കൃഷ്ണ സ്വന്തമാക്കി. റാണയെന്നും ജാന്‍വിയെന്നും ഈ ആണ്‍ പെണ്‍ കുതിരകള്‍ക്ക് കൃഷ്ണ പേര് നല്‍കിയത്.

കൃഷണയുടെ കുതിര കമ്പത്തെപ്പറ്റി അപ്പോഴേക്കും നാട്ടിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. വിവരമറിഞ്ഞ് നിരവധി പേരാണ് തങ്ങളുടെ കുട്ടികള്‍ക്കും പരിശീലനം നല്‍കണമെന്ന് ആവശ്യവുമായി കൃഷ്ണയെ സമീപിച്ചത്. ഒരു മടിയും കാണിക്കാതെ ഈ കൊച്ചു മിടുക്കി മറ്റ് കുട്ടികളെയും കുതിര സവാരി പഠിപ്പിച്ചു. ഇപ്പോള്‍ കൃഷ്ണ കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നതും സുഹൃത്തുക്കളുടെ വീട്ടില്‍ പോകുന്നതും എല്ലാം ഈ കുതിരപ്പുറത്ത് സഞ്ചരിച്ചാണ്.

വാഹനങ്ങള്‍ തിങ്ങി നിറഞ്ഞ റോഡില്‍ കുതിരയെ ഇറക്കാന്‍ ഏറെ ബുദ്ധിമുട്ടുണ്ടായിരുന്നു. എങ്കിലും അതൊന്നും വകവെയ്ക്കാതെ കൃഷ്ണ തന്റെ കുതിര സവാരി തുടര്‍ന്നുകൊണ്ടേയിരുന്നു. റാണ എന്ന ആണ്‍ കുതിരയുടെ പുറത്തിരുന്നാണ് കൃഷ്ണ പത്താം ക്ലാസ് പിരീക്ഷയെഴുതാന്‍ പോയത്. പരിശീലകനാണ് ഈ വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്. വീഡിയോ വൈറലായതോടെ കൃഷ്ണയുടെ പെരുമ മാളയും കടന്ന് ലോകമൊട്ടാകെ അറിഞ്ഞു.

കുതിരയോട്ട മല്‍സരങ്ങളെക്കുറിച്ച് പഠിക്കാനും കുതിര സവാരി സംബന്ധിച്ച് വിദേശ രാജ്യങ്ങളില്‍ നടക്കുന്ന മത്സരങ്ങള്‍ കാണണമെന്നാണ് ഈ കുതിര പ്രേമിയുടെ സ്വപ്നം. കുതിരയെ പോലെ തന്നെ ആനയെയും കൃഷ്ണയ്ക്ക് പ്രിയമാണ്. സംഗീതത്തിലും ശോഭിക്കണമെന്ന സ്വപ്നവും കൃഷ്ണയ്ക്കുണ്ട്. കളിച്ചും യാത്ര ചെയ്തും മറ്റുള്ള കുട്ടികള്‍ അവധിക്കാലം ആഘോഷിക്കുമ്പോള്‍ കുതിര സവാരിയുടെ പരിശീലനം നല്‍കാനും സംഗീതം പഠിക്കാനുമാണ് ഈ മിടുക്കി ചെലവഴിക്കുന്നത്.

Exit mobile version