അലക്കിയിട്ട ഷര്‍ട്ട് അതേപടി എടുത്തിട്ടു, പതുങ്ങിയിരുന്ന അണലി വിദ്യാര്‍ത്ഥിയുടെ പുരികത്തില്‍ കടിച്ച് തൂങ്ങി

അപകടം ഏത് വഴിയിലൂടെയാണ് വരുക എന്നത് ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ല. ചിലപ്പോള്‍ നമ്മുടെ ചെറിയ അശ്രദ്ധകളിലൂടെ ആവാം. അത്തരത്തിലുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നത്. അഴിയില്‍ കിടന്ന ഷര്‍ട്ട് നോക്കാതെ എടുത്ത് ധരിച്ചതായിരുന്ന വിദ്യാര്‍ത്ഥി. ഷര്‍ട്ടിനുള്ളില്‍ ഉഗ്രവിഷമുള്ള അണലി പതുങ്ങിയിരുന്നത് വിദ്യാര്‍ത്ഥി കണ്ടിരുന്നില്ല. ഒടുവില്‍ പാമ്പ് കുട്ടിയുടെ പുരികത്തില്‍ കടിക്കുകയായിരുന്നു. തക്കസമയത്ത് തന്നെ ആശുപത്രിയില്‍ എത്തിച്ചതിനാല്‍ അപകടനില തരണം ചെയ്തു.

ഞായറാഴ്ച വൈകിട്ട് ഏഴിന് ആയിരുന്നു സംഭവം. കദളിക്കാട് പാറയ്ക്കല്‍ വീട്ടില്‍ ജസ്റ്റിന്റെ മകന്‍ ജിന്‍സണ്‍ അഗസ്റ്റിനെയാണ് അണലി കടിച്ചത്. കഴുകി ഉണക്കിയിട്ട ഷര്‍ട്ടില്‍ അണലി കയറികൂടിയത് അറിയാതെ വിദ്യാര്‍ത്ഥി ഷര്‍ട്ട് അതേപടി എടുത്തിട്ടു. പിന്നീട് പാമ്പ് ജിന്‍സന്റെ പുരികത്തില്‍ കടിച്ച് തൂങ്ങുകയായിരുന്നു. ജിന്‍സണ്‍ പാമ്പിനെ പറിച്ചെടുത്ത് വലിച്ചെറിഞ്ഞു. അപ്പോഴേക്കും ജിന്‍സന്റെ നിലവിളി കേട്ട് അമ്മ ഓടിയെത്തി. പിന്നെ ഒന്നും നോക്കിയില്ല ഉടനെ കുട്ടിയുമായി ആശുപത്രിയിലെത്തി. തക്കസമയത്ത് തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ അപകടനില തരണം ചെയ്തു. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് ജിന്‍സണ്‍.

മൂവാറ്റുപുഴ ചാരിസ് ആശുപത്രിയില്‍ ഡോ. അജി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ ചികിത്സയില്‍ ജിന്‍സണ്‍ അപകട നില തരണം ചെയ്തു. കടിയേറ്റത് പുരികത്തില്‍ ആയതിനാല്‍ കൂടുതല്‍ നിരീക്ഷണവും പരിചരണവും മരുന്നും വേണ്ടിവന്നുവെന്ന് ഡോക്ടര്‍ പറഞ്ഞു.

Exit mobile version