വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവം; സ്‌കൂളുകളുടെ സുരക്ഷ നേരിട്ട് പരിശോധിക്കാന്‍ നിര്‍ദേശം നല്‍കി കളക്ടര്‍, വയനാട്ടില്‍ ഇന്ന് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

പാമ്പുകടിയേറ്റാല്‍ എന്ത് ചെയ്യണം എന്നതില്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ക്ക് പരിശീലനം നല്‍കണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും കളക്ടര്‍ നിര്‍ദേശം തകൈമാറിയിട്ടുണ്ട്.

വയനാട്: സ്‌കൂളില്‍ വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ചതിനു പിന്നാലെ സ്‌കൂളുകളുടെ സുരക്ഷ നേരിട്ട് പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ് ജില്ലാ കളക്ടര്‍. പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കാണ് വയനാട് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

പാമ്പുകടിയേറ്റാല്‍ എന്ത് ചെയ്യണം എന്നതില്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ക്ക് പരിശീലനം നല്‍കണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും കളക്ടര്‍ നിര്‍ദേശം കൈമാറിയിട്ടുണ്ട്. ഇതിന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നേതൃത്വം നല്‍കണം. പരിശീലനം അവഗണിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ നല്‍കിയ ഉത്തരവില്‍ പറയുന്നുണ്ട്. സുല്‍ത്താന്‍ ബത്തേരിയിലെ ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ക്ലാസ് മുറിയില്‍ വെച്ചാണ് വിദ്യാര്‍ത്ഥിനിക്ക് പാമ്പ് കടിയേറ്റത്.

വയനാട്ടിലെ മുഴുവന്‍ സ്‌കൂളും പരിസരവും ഉടന്‍ വൃത്തിയാക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഉപ ഡയറക്ടറും ഉത്തരവിട്ടിട്ടുണ്ട്. ഇന്ന് തന്നെ ജില്ലയിലെ എല്ലാ സ്‌കൂളും പരിസരവും വൃത്തിയാക്കണമെന്നാണ് നിര്‍ദ്ദേശം. അതേസമയം വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ ഇന്ന് കെഎസ്‌യു വിദ്യാഭ്യാസബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.

Exit mobile version