പ്രോട്ടോക്കോള്‍ പാലിക്കാതെ യോഗം വിളിച്ചു ചേര്‍ത്ത് ഖാദി ബോര്‍ഡ് : ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ കോവിഡ് പോസിറ്റീവ്

Khadi Board | Bignewslive

തിരുവനന്തപുരം : കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് സംസ്ഥാന ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ കോവിഡ് പോസിറ്റീവായി. യോഗത്തിന് എത്തിയ 9 പേര്‍ക്കും ഇവരുമായി സമ്പര്‍ക്കത്തിലായ ഓഫീസിലെ 7 ജീവനക്കാര്‍ക്കുമാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.

അന്‍പതോളം പേര്‍ പങ്കെടുത്ത യോഗം വിളിച്ചു ചേര്‍ത്ത ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണും പോസിറ്റീവാണ്. കഴിഞ്ഞ മാസം 29ന് രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെയാണ് വഞ്ചിയൂരിലെ ഖാദി ബോര്‍ഡ് ആസ്ഥാനത്ത് 14 ജില്ലകളിലെയും പ്രോജക്ട് ഓഫീസര്‍മാരുടെ യോഗം ചേര്‍ന്നത്. അടച്ചിട്ട കോണ്‍ഫറന്‍സ് ഹാളില്‍ മാനദണ്ഡം പാലിക്കാതെയായിരുന്നു യോഗമെന്നാണ് പരാതി. പ്രോജക്ട് ഓഫീസര്‍മാരും ബോര്‍ഡ് ഡയറക്ടര്‍മാരും പങ്കെടുത്തു. ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ അടക്കം എത്തിയിരുന്നതായും ജീവനക്കാര്‍ ആരോപിക്കുന്നു.

വ്യാഴാഴ്ച മുതലാണ് വിവിധ ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. പരിശോധനയില്‍ വെള്ളിയാഴ്ച തന്നെ പലര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. വൈസ് ചെയര്‍പഴ്‌സണ് കഴിഞ്ഞ ദിവസമാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാന ഓഫീസില്‍ ജോലി ചെയ്യുന്ന നാല്പതില്‍പരം ജീവനക്കാരെയും 29ന് വിളിച്ചുവരുത്തിയിരുന്നു. ഇതില്‍ യോഗത്തില്‍ കുറിപ്പുകള്‍ വിതരണം ചെയ്യാന്‍ നിയോഗിക്കപ്പെട്ട ജീവനക്കാരനും ഇയാളുമായി സമ്പര്‍ക്കത്തിലായ ഓഫീസിലെ 7 പേരും പിന്നീട് പോസിറ്റീവായി. ചിലര്‍ ആശുപത്രികളില്‍ ചികിത്സ തേടി.

സംസ്ഥാന തല യോഗത്തിന് പിന്നാലെ ജില്ലകളില്‍ അവലോകന യോഗങ്ങളും ചേര്‍ന്നിരുന്നു. ഓണ്‍ലൈനായി സംഘടിപ്പിക്കാമായിരുന്ന അവലോകനയോഗമാണ് നേരിട്ട് വിളിച്ചുചേര്‍ത്തതെന്ന് ജീവനക്കാര്‍ പറയുന്നു. യോഗം ചേര്‍ന്നതും പങ്കെടുത്തവര്‍ കോവിഡ് പോസിറ്റീവായതും ബോര്‍ഡ് സെക്രട്ടറി സ്ഥിരീകരിച്ചു. ഇത്തരം യോഗങ്ങള്‍ മുന്‍പും ചേരാറുണ്ടായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. യോഗം വിളിച്ചു ചേര്‍ത്ത ഖാദി ബോര്‍ഡിന്റെ നടപടിയില്‍ ഖാദി ബോര്‍ഡ് എംപ്ലോയീസ് യൂണിയന്‍ പ്രതിഷേധിച്ചു.

Exit mobile version