ഏജന്റിന്റെ തട്ടിപ്പിന് ഇരയായി ദുബായിയിലെ ഡാന്‍സ് ബാറിലെത്തിയ നാല് ഇന്ത്യന്‍ യുവതികള്‍ക്ക് മോചനം; തുണച്ചത് വി മുരളീധരന്റെ ഇടപെടല്‍

കബളിപ്പിക്കപ്പെട്ടുവെന്ന് മനസിലാക്കിയ യുവതികള്‍ നാട്ടിലെ ബന്ധുവിനെ വിവരങ്ങള്‍ അറിയിച്ച് സന്ദേശമയക്കുകയാണ് ചെയ്തത്.

ദുബായ്: ഏജന്റിന്റെ തട്ടിപ്പിന് ഇരയായി ദുബായിയിലെ ഡാന്‍സ് ബാറിലെത്തിയ നാല് ഇന്ത്യന്‍ യുവതികള്‍ക്ക് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ ഇടപെടലില്‍ മോചനം. നാലുപേരും കോയമ്പത്തൂര്‍ സ്വദേശികളാണ്. ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തില്‍ നല്ല ശമ്പളത്തോടെയുള്ള ജോലിയാണ് ഇവര്‍ക്ക് വാഗ്ദാനം ചെയ്തത്. എന്നാല്‍ കബളിപ്പിക്കപ്പെടുകയായിരുന്നു എന്ന് മനസിലാക്കാതെ ഇവര്‍ പുറപ്പെട്ടു. യുഎഇയിലെ ഡാന്‍സ് ബാറിലാണ് ഇവര്‍ എത്തിപ്പെട്ടത്.

കബളിപ്പിക്കപ്പെട്ടുവെന്ന് മനസിലാക്കിയ യുവതികള്‍ നാട്ടിലെ ബന്ധുവിനെ വിവരങ്ങള്‍ അറിയിച്ച് സന്ദേശമയക്കുകയാണ് ചെയ്തത്. സന്ദേശം കിട്ടിയപ്പാടെ ബന്ധുക്കള്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെ സമീപിക്കുകയായിരുന്നു. വിവരങ്ങളും ബോധിപ്പിച്ചു. ഉടന്‍ തന്നെ അദ്ദേഹം യുഎഇയിലെ ഇന്ത്യന്‍ എംബസി അധികൃതരോട് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

തുടര്‍ന്ന് ദുബായിയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ പ്രശ്‌നത്തില്‍ ഇടപെടുകയും ദുബായ് പോലീസിന്റെ സഹായത്തോടെ നാല് പേരെയും മോചിപ്പിക്കുകയുമായിരുന്നു. കോണ്‍സുലേറ്റില്‍ എത്തിച്ച യുവതികളെ കഴിഞ്ഞ ദിവസം തന്നെ ഇന്ത്യയിലേക്ക് മടക്കി അയക്കുകയും ചെയ്തു.

Exit mobile version