കൈരളി ടിവിയ്ക്കും ഏഷ്യാനെറ്റ് ന്യൂസിനും വിലക്കേര്‍പ്പെടുത്തി കേന്ദ്ര മന്ത്രി വി മുരളീധരന്‍, ഗേറ്റില്‍ തടഞ്ഞു, മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടി വന്നത് വിവേചനമാണെ് പ്രതികരിച്ച് പത്രപ്രവര്‍ത്തക യൂണിയന്‍

ന്യൂഡല്‍ഹി: മലയാളം ന്യൂസ് ചാനലുകളായ കൈരളി ടിവിയ്ക്കും ഏഷ്യാനെറ്റ് ന്യൂസിനും വിലക്കേര്‍പ്പെടുത്തി കേന്ദ്ര മന്ത്രി വി മുരളീധരന്‍. സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ എടുത്ത വിഷയത്തില്‍ പ്രതികരണം ചോദിച്ചറിയാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ തടയുകയായിരുന്നു.

മറ്റ് മാധ്യമ പ്രവര്‍ത്തകരെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ കയറ്റി വിട്ടപ്പോള്‍ കൈരളി ടിവിയുടേയും ഏഷ്യാനെറ്റ് ന്യൂസിന്റേയും മാധ്യമ പ്രവര്‍ത്തകരെ ഗേറ്റില്‍ തടയുകയായിരുന്നു. ഇവരെ അകത്തേക്ക് കടത്തിവിട്ടില്ല. തിരക്കുള്ളതിനാല്‍ തത്കാലം പ്രതികരിക്കുന്നില്ല എന്നായിരുന്നു മന്ത്രി ആദ്യം പറഞ്ഞിരുന്നത്.

എന്നാല്‍ പിന്നീട് അകത്തേക്ക് പ്രവേശിച്ച മാധ്യമങ്ങള്‍ക്ക് വി മുരളീധരന്‍ പ്രതികരണം നല്‍കുകയും ചെയ്തു. കൈരളിയ്ക്കും ഏഷ്യാനെറ്റ് ന്യൂസിനും പ്രതികരണം ലഭിക്കുകയും ചെയ്തില്ല. സംഭവത്തില്‍ വി മുരളീധരനെതിരെ പ്രതിഷേധവുമായി കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം രംഗത്തെത്തിയിട്ടുണ്ട്.

വി മുരളീധരന്റെ ഓഫീസില്‍ നിന്ന് വിവേചനപരമായ നടപടിയാണ് ഉണ്ടായത് എന്ന് കെയിഡബ്ല്യുജെ ഡല്‍ഹി ഘടകം പറയുന്നു. വിഷയത്തില്‍ വി മുരളീധരന് കത്തയക്കുകയും ചെയ്തിട്ടുണ്ട്. കൈരളി ടിവിയ്ക്കും ഏഷ്യാനെറ്റ് ന്യൂസിനും അകത്തേക്ക് പ്രവേശിക്കാന്‍ പോലും അനുമതി നിഷേധിച്ചതിന് മതിയായ കാരണം വി മുരളീധരന്റെ ഓഫീസ് വിശദീകരിച്ചിട്ടില്ല എന്ന് കെയുഡബ്ല്യുജെയുടെ കത്തില്‍ പറയുന്നു.

കൈരളിയിലേയും ഏഷ്യാനെറ്റ് ന്യൂസിലേയും മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടി വന്നത് വിവേചനമാണെന്നും കത്തില്‍ പറയുന്നു. ഭരണഘടനാപരമായ പദവിയില്‍ ഇരിക്കുന്ന വി മുരളീധരനില്‍ നിന്നും ഭരണഘടനാനുസൃതമായ കടമ നിര്‍വ്വഹിക്കുന്ന മാധ്യമങ്ങളോടുള്ള വിവേചനം പ്രതീക്ഷിച്ചല്ലെന്നും കത്തില്‍ പറയുന്നുണ്ട്. വി മുരളീധരന്റെ ഓഫീസില്‍ നിന്നുണ്ടായ വിവേചനപരമായ നടപടിയില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ ദു:ഖവും പ്രതിഷേധവും രേഖപ്പെടുത്തി.

Exit mobile version