ദുബായിയില്‍ എത്തുന്നവര്‍ക്ക് ഇനി സൗജന്യം സിം കാര്‍ഡ്; ഡാറ്റയും ടോക് ടൈമും സൗജന്യം

എമിറേറ്റ്‌സ് ഇന്റഗ്രേറ്റഡ് ടെലികമ്യൂണിക്കേഷന്‍സ് കമ്പനിയുടെ കണക്ട് വിത് ഹാപ്പിനസ് പദ്ധതിയുടെ ഭാഗമായാണ് സൗജന്യ സിം കാര്‍ഡ്

ദുബായ്: ഇനി ദുബായിയിലെത്തുന്ന വിനോദ സഞ്ചാരികള്‍ ഉള്‍പ്പടെയുള്ളവര്‍ ആശങ്കപ്പെടേണ്ടതില്ല. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന ടൂറിസ്റ്റ് വിസക്കാര്‍ക്ക് സൗജന്യ പ്രീ പെയിഡ് മൊബൈല്‍ ഫോണ്‍ സിം കാര്‍ഡ് നല്‍കി ദുബായ് എമിഗ്രേഷന്‍ വകുപ്പ്. ഒരു മാസത്തെ സമയ പരിധിയില്‍ നല്‍കുന്ന ഡു സിം കാര്‍ഡ് ട്രാന്‍സിറ്റ് വിസ, സന്ദര്‍ശക വിസ, വിസ ഓണ്‍ അറൈവല്‍, ജിസിസി പൗരന്മാര്‍ എന്നിവര്‍ക്കെല്ലാം ലഭ്യമാകുമെന്ന് ദുബായ് എമിഗ്രേഷന്റെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്‌സ് അധികൃതര്‍ പറഞ്ഞു.

18 വയസിന് മുകളിലുള്ളവര്‍ക്ക് സിം കാര്‍ഡ് ലഭിക്കും. എമിറേറ്റ്‌സ് ഇന്റഗ്രേറ്റഡ് ടെലികമ്യൂണിക്കേഷന്‍സ് കമ്പനിയുടെ കണക്ട് വിത് ഹാപ്പിനസ് പദ്ധതിയുടെ ഭാഗമായാണ് സൗജന്യ സിം കാര്‍ഡ് വിതരണം. മൂന്നു മിനിറ്റ് ടോക് ടൈം, 20 എംബി മൊബൈല്‍ ഡാറ്റ എന്നിവയുള്ള സൗജന്യ സിം കാര്‍ഡ് ഇമിഗ്രേഷന്‍ കൗണ്ടറില്‍ നിന്ന് ലഭിക്കുമെന്ന് ദുബായ് എമിഗ്രേഷന്‍ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ മറി പറഞ്ഞു. ദുബായ് രാജ്യാന്തര വിമാനത്താവളം ടെര്‍മിനല്‍ 1, 2, 3 ലൂടെ എത്തുന്നവര്‍ക്ക് സിം ലഭ്യമാകും.

30 ദിവസത്തേയ്ക്ക് മാത്രമാണ് ഈ സിം കാര്‍ഡ് ഉപയോഗിക്കാനാവുക. വിനോദ സഞ്ചാരികള്‍ യുഎഇയില്‍ നിന്ന് പുറത്തേയ്ക്ക് കടക്കുമ്പോള്‍ സിം പ്രവര്‍ത്തന രഹിതമാകുമെന്ന് ഡു എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫവാദ് അല്‍ ഹാസാവി പറഞ്ഞു. സ്‌മോള്‍, മീഡിയം, ലാര്‍ജ് പാക്കേജുകളില്‍ സിം ടോപ് അപ് ചെയ്യാനും സാധിക്കും.

Exit mobile version