യുഎഇയില്‍ വീണ്ടും ഭാഗ്യം തെളിഞ്ഞ് ഇന്ത്യക്കാരന്‍; ഏഴ് കോടി രൂപ സമ്മാനമടിച്ച വിവരം അറിയിക്കാനാകാതെ കുഴങ്ങി അധികൃതര്‍

ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണര്‍ നറുക്കെടുപ്പിലാണ് രഘു കൃഷ്ണമൂര്‍ത്തിയെന്ന ഇന്ത്യക്കാരന് ഒന്നാം സമ്മാനം ലഭിച്ചത്.

ദുബായ്: വീണ്ടും യുഎഇയിലെ ഭാഗ്യക്കുറി നറുക്കെടുപ്പില്‍ സമ്മാനം അടിച്ചെടുത്ത് ഇന്ത്യക്കാരന്‍. കോടികള്‍ ലഭിച്ച മലയാളികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യക്കാരുടെ കൂട്ടത്തിലേക്ക് ഏഴ് കോടി സമ്മാനം നേടി ഈ ഇന്ത്യക്കാരനും രംഗപ്രവേശനം ചെയ്തിരിക്കുന്നത്. ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണര്‍ നറുക്കെടുപ്പിലാണ് രഘു കൃഷ്ണമൂര്‍ത്തിയെന്ന ഇന്ത്യക്കാരന് ഒന്നാം സമ്മാനം ലഭിച്ചത്. ഇതോടെ ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണര്‍ നറുക്കെടുപ്പില്‍ സമ്മാനം ലഭിക്കുന്ന 143-ാമത്തെ ഇന്ത്യക്കാരനായിരിക്കുകയാണ് രഘു കൃഷ്ണമൂര്‍ത്തി.

10 ലക്ഷം ഡോളര്‍ -ഏകദേശം ഏഴ് കോടിയോളം ഇന്ത്യന്‍ രൂപയാണ് രഘു കൃഷ്ണമൂര്‍ത്തിക്ക് സമ്മാനമായി കാത്തിരിക്കുന്നത്. എന്നാല്‍ അദ്ദേഹത്തെ ഫോണില്‍ ലഭ്യമാവാത്തതിനെ തുടര്‍ന്ന് വിവരമറിയിക്കാനും അധികൃതര്‍ക്ക് കഴിഞ്ഞില്ല. ഒമാനിലാണ് രഘു താമസിക്കുന്നതെന്നാണ് വിവരം. 301-ാം സീരിസിലുള്ള 2115 -ാം നമ്പര്‍ ടിക്കറ്റാണ് അദ്ദേഹം എടുത്തത്.

കഴിഞ്ഞതവണത്തെ നറുക്കെടുപ്പില്‍ മറ്റൊരു ഇന്ത്യക്കാരനായ രതീഷ് കുമാര്‍ രവീന്ദ്രന്‍ നായര്‍ക്കാണ് ഒന്നാം സമ്മാനം ലഭിച്ചത്. ദുബായിയില്‍ ജോലി ചെയ്യുന്ന അദ്ദേഹത്തെ ഇത്തവണത്തെ നറുക്കെടുപ്പ് ചടങ്ങിലേക്ക് അധികൃതര്‍ ക്ഷണിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിലായിരുന്നു മറ്റൊരു ഇന്ത്യക്കാരന്‍ കോടീശ്വരനായത്. നറുക്കെടുപ്പില്‍ സമ്മാനമടിച്ച മറ്റ് രണ്ട് ഇന്ത്യക്കാര്‍ക്കും സമ്മാനങ്ങള്‍ ലഭിച്ചു.

Exit mobile version