ജോലി നല്‍കാമെന്ന് പറഞ്ഞ് യുവതിയെ ഫ്‌ളാറ്റില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ച സംഭവത്തില്‍ പാകിസ്താന്‍ പൗരന്‍ അറസ്റ്റില്‍

മാര്‍ച്ച് അഞ്ചിന് 21കാരിയായ യുവതി ജോലി തേടി അബുദാബിയില്‍ എത്തി. ശേഷം ബന്ധുവിനൊപ്പമാണ് താമസിച്ചിരുന്നത്

ദുബായ്: യുഎഇയില്‍ ജോലി തേടിയെത്തിയ ഇന്ത്യക്കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍. പാകിസ്താന്‍ കാരനായ 25കാരനാണ് പോലീസ് പിടിയിലായത്. ജോലി തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് യുവതിയെ തന്റെ ഫ്‌ളാറ്റില്‍ വിളിച്ച് വരുത്തിയാണ് പീഡനം നടത്തിയത്. മാര്‍ച്ച് 14ന് നാഇഫാനില്‍ വെച്ചാണ് സംഭവം. മാര്‍ച്ച് അഞ്ചിന് 21കാരിയായ യുവതി ജോലി തേടി അബുദാബിയില്‍ എത്തി. ശേഷം ബന്ധുവിനൊപ്പമാണ് താമസിച്ചിരുന്നത്.

അതേസമയം അബുദാബിയില്‍ വെച്ച് പ്രതിയുമായി പരിചയപ്പെടുകയായിരുന്നു. തുടര്‍ന്ന് ദുബായിലുള്ള തന്റെ സഹോദരന്‍ യുവതിക്ക് ജോലി സംഘടിപ്പിച്ച് നല്‍കുമെന്ന് പ്രതി യുവതിയോട് പറഞ്ഞു. തുടര്‍ന്ന് ഇയാളുമായി വാട്‌സ്ആപ് വഴി ആശയവിനിമയം നടത്തി. ശേഷം ഇന്റര്‍വ്യൂവിനായി ദുബായിലേക്ക് വരാന്‍ യുവതിയോട് നിര്‍ദേശിക്കുകയായിരുന്നു.

ദുബായിലെത്തിയ യുവതിയെ പ്രതി മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി. നാഇഫിലെ ഒരു ഫ്‌ലാറ്റില്‍ വെച്ച് ഒരാള്‍ യുവതിയെ ഇന്റര്‍വ്യൂ ചെയ്തു. തുടര്‍ന്ന് ജോലി സംബന്ധമായ കാര്യങ്ങള്‍ സംസാരിക്കണമെന്ന് പറഞ്ഞ് യുവതിയെ ഫ്‌ളാറ്റിലേക്ക് കൂട്ടി കൊണ്ടുപോവുകയായിരുന്നു. ഫ്‌ളാറ്റില്‍ എത്തിയ ശേഷം യുവതിയുടെ ഫോണ്‍ പിടിച്ച് വാങ്ങിയ ശേഷം പീഡിപ്പിക്കുകയായിരുന്നു.

സംഭവ സമയം ഫ്‌ളാറ്റിലുണ്ടായിരുന്ന നാലംഘ സംഘത്തിലെ ഒരാള്‍ യുവതിയുടെ ഫോണ്‍ തിരികെ കൊടുക്കുകയും പുറത്ത് ഇറങ്ങാന്‍ സഹായിക്കുകയും ചെയ്തു. ഫ്‌ളാറ്റില്‍ നിന്ന് പുറത്തിറങ്ങിയ യുവതി ടാക്‌സിയില്‍ കയറി അബുദാബിയിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ അവിടെയ്ക്ക് പോകാന്‍ യാത്രാ ചിലവ് അധികമാകുമെന്ന് പറഞ്ഞതോടെ യുവതി സംഭവങ്ങള്‍ പറഞ്ഞു. ഇതോടെ ഡ്രൈവര്‍ യുവതിയെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. എന്നാല്‍ പിന്നീട് തന്നെ ഒരാള്‍ വിളിച്ചെന്നും കേസില്‍ യുവതിക്ക് അനുകൂലമായി സംസാരിക്കരുതെന്നും അതിന് പണം തരാമെന്ന് പറഞ്ഞതായും ഡ്രൈവര്‍ പറഞ്ഞു.

ഫോറന്‍സിക് പരിശോധനയില്‍ യുവതിയുടെ ശരീരത്തില്‍ നിന്ന് പ്രതിയുടെ ഡിഎന്‍എ കണ്ടെത്തി. പോലീസ് കസ്റ്റഡിയില്‍ വെച്ച് പ്രതി യുവതിയെ വിളിച്ച ഫോണ്‍ കോളില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിരുന്നു. യുവതി ഇത് റെക്കോര്‍ഡ് ചെയ്ത് പോലീസിന് കൈമാറി. പ്രോസിക്യൂഷന്‍ അധികൃതര്‍ ചോദ്യം ചെയ്തപ്പോള്‍ പ്രതി ആദ്യം കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് സമ്മതിച്ചു.

Exit mobile version