ഒമാനില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ശബാന ബീഗത്തിന്റെ മൃതദേഹം കണ്ടെത്തി; 28 ദിവസം പ്രായമുള്ള കുഞ്ഞടക്കമുള്ള അഞ്ച് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

നെഞ്ചിടിപ്പോടെയല്ലാതെ ഇത് കാണാന്‍ സാധിക്കില്ലെന്നാണ് ഓരോരുത്തരും പറയുന്നത്.

മസ്‌കറ്റ്: ഒമാനില്‍ ഉണ്ടായ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ കാണാതായ ആറ് ഇന്ത്യാക്കാരന്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ദുരന്തത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട മകന്‍ സര്‍ദാര്‍ ഫസല്‍ അഹമ്മദിന്റെ ഉമ്മ ശബാന ബീഗത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഫസല്‍ ഉമ്മയുടെ ശരീരം തിരിച്ചറിഞ്ഞു. 28 ദിവസം പ്രായമുള്ള കുഞ്ഞടക്കം ബാക്കി അഞ്ചുപേര്‍ക്കുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. ഇതിനിടയില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോകുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമാവുന്നുണ്ട്.

നെഞ്ചിടിപ്പോടെയല്ലാതെ ഇത് കാണാന്‍ സാധിക്കില്ലെന്നാണ് ഓരോരുത്തരും പറയുന്നത്. റോഡിന് സൈഡിലൂടെ ഒലിച്ചെത്തിയ വെള്ളം കാറിനെ ഒഴുക്കിക്കൊണ്ടു പോവുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച മസ്‌കത്തില്‍ നിന്ന് 150 കിലോമീറ്ററോളം ദൂരെയുള്ള ബനീ ഖാലിദ് വാദി(തടാകം)യിലായിരുന്നു അപകടം. ഒമാനില്‍ ഫാര്‍മസിസ്റ്റ് ആയി ജോലി ചെയ്യുന്ന ഹൈദരാബാദുകാരനായ സര്‍ദാര്‍ ഫസല്‍ അഹമ്മദും പിതാവ് ഖാന്‍, മാതാവ് ശബാന ബീഗം, ഭാര്യ അര്‍ഷി, മകള്‍ സിദ്ര(4), മകന്‍ സെയ്ദ്(2), 28 ദിവസം മാത്രം പ്രായമുള്ള മകന്‍ നൂഹ് എന്നിവരാണ് അപകടത്തില്‍പെട്ടത്.

ഫസല്‍ അഹമ്മദ് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഒഴുക്കിനിടെ ഒരു പാറക്കെട്ടില്‍ പിടുത്തം കിട്ടി. ശേഷം പനയിലും. അങ്ങിനെയാണ് ആ ദുരന്തത്തില്‍ നിന്നും ഫസല്‍ രക്ഷപ്പെട്ടത്. തടാകം കാണാന്‍ ചെന്നപ്പോള്‍ കനത്ത മഴ പെയ്യുകയും ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മലവെള്ളപ്പാച്ചിലില്‍ അകപ്പെടുകയുമായിരുന്നു. കാണാായവര്‍ക്ക് വേണ്ടി കഴിഞ്ഞ രണ്ടുദിവസമായി സിവില്‍ ഡിഫന്‍സ് തിരച്ചില്‍ നടത്തുകയായിരുന്നു. ഷബ്ന ബീഗത്തിന്റെ മൃതശരീരം ഇബ്ര സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Exit mobile version