പാകിസ്താന്‍ ദേശീയദിനം ആഘോഷിച്ച് യുഎഇ; ബുര്‍ജ് ഖലീഫയില്‍ പാകിസ്താന്‍ ദേശീയപതാക തെളിയിച്ച് ആദരം

ദുബായ്: പാകിസ്താന്‍ ദേശീയദിനത്തില്‍ ലോകത്തിലെ ഉയരമേറിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ പാകിസ്താന്‍ ദേശീയ പതാക തെളിയിച്ച് യുഎഇയുടെ ആദരം. പാകിസ്താന്റെ 79-ാം റെസലൂഷന്‍ ദിനത്തോട് അനുബന്ധിച്ചാണ് ശനിയാഴ്ച ബുര്‍ജ് ഖലീഫയില്‍ പാക് പതാക തെളിഞ്ഞത്.

യുഎഇയിലെ കോണ്‍സുലേറ്റ് പുറത്തുവിട്ട വിവരപ്രകാരം രാത്രിയില്‍ രണ്ടു തവണ പാകിസ്താന്‍ പതാക പ്രദര്‍ശിപ്പിച്ചിരുന്നു. ബുര്‍ജ് ഖലീഫയുടെ പ്രതിനിധി ഇക്കാര്യം പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വൈകിട്ട് 7:45നും രാത്രി 9 മണിക്കുമാണ് പാകിസ്താന്‍ പതാക പ്രദര്‍ശിപ്പിക്കുന്നത്.

അതേസമയം, മാര്‍ച്ച് 23ന് നടന്ന പാകിസ്താന്റെ ദേശീയ ദിനാഘോഷത്തില്‍ നിന്നും പങ്കെടുക്കാതെ ഇന്ത്യ വിട്ടുനിന്നിരുന്നു. വിഘടനവാദപരമായ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്ന സംഘടനയായ ഹുറിയത്ത് കോണ്‍ഫറന്‍സിനെ ആഘോഷത്തിന് ക്ഷണിച്ചതാണ് ഇന്ത്യയെ ചൊടിപ്പിച്ചത്. പാകിസ്താന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയാണ് ഇന്ത്യ ഇക്കാര്യം അറിയിച്ചത്.

എങ്കിലും പാകിസ്താന്‍ ദേശീയ ദിനത്തില്‍ രാജ്യത്തിനും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വീറ്റ് ചെയ്തിരുന്നു.

Exit mobile version