ഒക്ടോബര്‍ മുതല്‍ 14 വയസിന് മുകളിലുള്ളവര്‍ക്ക് വിമാനം പറത്താം; സ്വദേശികളുടെ സ്വപ്‌നം സഫലമാക്കാനൊരുങ്ങി ദുബായ്

ദുബായ്: വിമാനം പറത്താന്‍ ആഗ്രഹിക്കുന്ന സ്വദേശികള്‍ക്ക് അവസരമൊരുക്കി ദുബായ്. ഒക്ടോബര്‍ മുതല്‍ വിമാനം പറത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആ സ്വപ്‌നം സഫലമാക്കാം.

ഗന്‍ടൂറ്റ് ഫ്‌ലൈറ്റ് ക്ലബ്ബാണ് യുഎഇക്കാര്‍ക്കായി ഈ സുവര്‍ണ്ണാവസരം ഒരുക്കുന്നത്. 14 വയസിന് മുകളില്‍ ഉളളവര്‍ക്കാണ് വിമാനം പറത്താന്‍ അവസരം ലഭിക്കുക. പക്ഷേ ഒരു കാര്യം വിമാനം പറത്തുന്നതിന് മുന്‍പ് ഗന്‍ടൂറ്റ് ഫ്‌ലൈറ്റ് ക്ലബ്ബ് നല്‍കുന്ന പരിശീലന പരിപാടിയില്‍ നിര്‍ബന്ധമായും പങ്കെടുത്തിരിക്കണം. ഇവര്‍ നല്‍കുന്ന പരിശീലനം വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് മാത്രമേ വിമാനം പറത്തുക എന്ന മോഹം സാധ്യമാക്കാന്‍ കഴിയൂ.

ആല്‍ഫ ഇലക്ട്രോ എന്ന പേരിലുളള പരിസ്ഥിതി സൗഹാര്‍ദ്ദപരമായ ഇലക്ട്രിക്ക് വിമാനമാണ് ഇതിനായി സജ്ജമായിരിക്കുന്നത്. ആല്‍ഫ ഇലക്ട്രോ ഇലക്ട്രിക് പ്ലയിന്‍ അന്തര്‍ദ്ദേശീയ തലത്തില്‍ ഇതിനായുളള എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കി കഴിഞ്ഞു. അമേരിക്ക, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലായിരുന്നു പരിശോധന പൂര്‍ത്തീകരിച്ചത്.

സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 13000 അടി ഉയരത്തില്‍ ഈ വിമാനത്തിന് ഉയര്‍ന്ന് പറക്കാന്‍ കഴിയും മാത്രമല്ല ലിഥിയം ബാക്ടറിയില്‍ പ്രവര്‍ത്തിക്കുന്ന ഈ വിമാനം 90 മിനിട്ടുവരെ ചാര്‍ജ്ജ് ലഭിക്കും. അത്യാവശ്യ ഘട്ടത്തില്‍ ഉപയോഗിക്കുന്നതിന് 30 മിനിട്ട് ചാര്‍ജ് ലഭിക്കുന്ന അധിക ബാക്ടറിയും വിമാനത്തില്‍ സജ്ജമാണ്. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയില്‍ ഈ വിമാനത്തിന് സഞ്ചരിക്കാന്‍ കഴിയും.

Exit mobile version