‘ഇന്ത്യയും പാകിസ്താനും സഹോദരങ്ങള്‍, ഏറ്റുമുട്ടേണ്ടവരല്ല’; ഈ ലേബര്‍ ക്യാംപില്‍ എന്ത് ഇന്ത്യയും പാകിസ്താനും; യുഎഇയിലെ പ്രവാസി ഇന്ത്യക്കാര്‍ക്കും പാകിസ്താന്‍കാര്‍ക്കും പങ്കുവെക്കാനുള്ളത് ഒരേ വാക്കുകള്‍!

അബുദാബി: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാകുകയും അതിര്‍ത്തിയില്‍ പ്രകോപനം തുടരുകയും ചെയ്യുന്നതിനിടെ ഇരു രാജ്യങ്ങളും തമ്മി ലുള്ള സമാധാനത്തിനായി പ്രാര്‍ത്ഥിച്ച് യുഎഇയില്‍ ജോലി ചെയ്യുന്ന പ്രവാസി ഇന്ത്യക്കാരും പാകിസ്താനികളും. പ്രശ്‌നങ്ങള്‍ മുന്‍വിധികളില്ലാതെ ചര്‍ച്ച ചെയ്ത് സമാധാനപരമായി പരിഹരിക്കണമെന്ന് ഇരുരാജ്യങ്ങളിലെയും പ്രവാസികള്‍ ആവശ്യപ്പെടുന്നു.സഹോദര രാജ്യങ്ങളായ ഇന്ത്യയും പാക്കിസ്ഥാനും പരസ്പരം പോരടിക്കുന്നതുകൊണ്ട് നഷ്ടങ്ങളല്ലാതെ ഒന്നും നേടാന്‍ ഇല്ലെന്നാണ് പാകിസ്താന്‍ പെഷാവര്‍ സ്വദേശി ബിലാല്‍ മാലികിന് പറയാനുള്ളത്. കുടുംബാംഗങ്ങളെ ഓര്‍ത്താണ് ഇദ്ദേഹത്തിന്റെ വേവലാതി. ഭീകരവാദത്തിന്റെ പേരില്‍ ചിലര്‍ നടത്തുന്ന പ്രവര്‍ത്തിക്ക് നിരപരാധികളായ സാധാരണ ജനങ്ങളുടെ ജീവനാണ് നല്‍കേണ്ടിവരുന്നതെന്നും അതനുവദിക്കാന്‍ പാടില്ലെന്നും ബിലാല്‍ പറയുന്നു.

ഒന്നിച്ച് ഒരേസ്ഥലത്ത് താമസവും ജോലിയും ചെയ്യുന്ന ഈ ഇന്ത്യ-പാക് സഹോദരങ്ങള്‍ക്ക് അറിയാം രാജ്യങ്ങളുടെ പേരിലുള്ള തര്‍ക്കങ്ങളെല്ലാം ആരുടെയൊക്കെയോ ആയുധങ്ങള്‍ മാത്രമാണെന്ന്. ഈ സാധാരണക്കാരായ പ്രവാസികള്‍ ഉള്‍പ്പടെയുള്ള ജനങ്ങള്‍ കാണിക്കുന്ന സഹിഷ്ണുത ഇരുരാജ്യങ്ങളിലെയും ഭരണകര്‍ത്താക്കള്‍കൂടി സ്വീകരിച്ചാല്‍ മഞ്ഞുരുക്കം സാധ്യമാകുമെന്ന് പത്തനംതിട്ട സ്വദേശി ജസ്വിന്‍ പറഞ്ഞു.

ഇരുരാജ്യങ്ങളിലെയും ഭരണാധികാരികള്‍ തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറായി എത്രയും വേഗം പ്രശ്‌നം പരിഹരിക്കാന്‍ മുന്നിട്ടിറങ്ങണമെന്ന് ഇസ്ലാമാബാദ് സ്വദേശി ഹാറൂണ്‍ റഷീദ് ആവശ്യപ്പെട്ടു. പ്രശ്‌നങ്ങളെ ഊതിവീര്‍പ്പിച്ച് ഇല്ലാക്കഥ പെരുപ്പിക്കരുതെന്നും ഹാറൂണ്‍ പറഞ്ഞു. അബുദാബിയില്‍ മലയാളിയുടെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഹാറൂണിന്റെ ഉറ്റ സുഹൃത്ത് സഹപ്രവര്‍ത്തകനായ തൃശൂര്‍ സ്വദേശി ജാസിമാണ്. അതിര്‍ത്തിയിലെ സംഘര്‍ഷം തങ്ങളുടെ ബന്ധത്തെ ബാധിച്ചിട്ടില്ലെന്ന് ജാസിമും സാക്ഷ്യപ്പെടുത്തുന്നു. അസം സ്വദേശി മഖ്ബൂല്‍ ഹുസൈനും ഇടക്കഴിയൂര്‍ നാസര്‍ കല്ലുവളപ്പിലിനും പറയാനുള്ളത് ഇതേ അഭിപ്രായം തന്നെ.

ഇന്ത്യ ശത്രു രാജ്യമല്ല സഹോദര രാജ്യമാണ്, ഇന്ത്യക്കാര്‍ സഹോദരരും എന്നാണ് പാക്കിസ്ഥാനിലെ പഞ്ചാബ് സ്വദേശി മുഹമ്മദ് റിയാസ് പങ്കുവച്ചത്. യുഎഇയിലെ വിവിധ ലേബര്‍ ക്യാംപില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്കും പാകിസ്താന്‍കാര്‍ക്കുമിടയിലും ഈ ശത്രുതാമനോഭാവമില്ലെന്നും ഇരുരാജ്യങ്ങളും ഇത്രയും കാലത്തെ സംഘര്‍ഷം കാരണം എന്താണ് നേടിയതെന്ന ചോദ്യത്തിനു ഉത്തരം നല്‍കണമെന്നും റിയാസ് ആവശ്യപ്പെടുന്നു.

Exit mobile version