കൊലപാതകം സൗദി സ്ഥിരീകരിച്ചതിന് പിന്നാലെ ഖഷോഗ്ജിയുടെ മകന്‍ കുടുംബസമേതം അമേരിക്കയില്‍

ജമാല്‍ ഖഷോഗ്ജിയെ കൊലപ്പെടുത്തിയെന്ന സൗദിയുടെ കുറ്റസമ്മതത്തിന് പിന്നാലെ ഗഷോഗ്ജിയുടെ മകന്‍ അമേരിക്കയിലെത്തി.

വാഷിംങ്ടണ്‍: മാധ്യമ പ്രവര്‍ത്തകനും സൗദി ഭരണകൂട വിമര്‍ശകനുമായ ജമാല്‍ ഖഷോഗ്ജിയെ കൊലപ്പെടുത്തിയെന്ന സൗദിയുടെ കുറ്റസമ്മതത്തിന് പിന്നാലെ ഗഷോഗ്ജിയുടെ മകന്‍ അമേരിക്കയിലെത്തി. ഖഷോഗ്ജിയുടെ മൂത്ത മകനായ സലാഹ് ബിന്‍ ഖഷോഗിയാണ് പിതാവിന്റെ മരണം സ്ഥരീകരിക്കപ്പെട്ട് ദിവസങ്ങള്‍ക്കുള്ളില്‍ സകുടുംബം അമേരിക്കയില്‍ എത്തിയിരിക്കുന്നത്.

ഖഷോഗ്ജിയുടെ കൊലപാതകത്തില്‍ സൗദിയുടെ വിശദീകരണം അമേരിക്കയും ബ്രിട്ടനും തള്ളി. എങ്കിലും സൗദിയുമായുള്ള സഹകരണം തുടരുമെന്ന് ട്രംപ് വ്യക്തമാക്കി. ഇതിനിടയില്‍ ഖഷോഗ്ജിയുടെ മരണവുമായി ബന്ധപ്പെട്ട് വാഹന പരിശോധന നടത്താന്‍ തുര്‍ക്കി അന്വേഷണ സംഘത്തിന്, സൗദി അനുമതി നിഷേധിച്ചു.

നിരവധി തവണ നിഷേധിച്ച ശേഷം ഇന്നലെയാണ് ജമാല്‍ ഖഷോഗ്ജി കൊലപ്പെട്ടതാണെന്ന വിവരം സൗദി സ്ഥിരീകരിച്ചത്. കൊല അബദ്ധത്തില്‍ സംഭവിച്ചതാണെന്നും ബലപ്രയോഗത്തിനിടെയായിരുന്നു ഖഷോഗിയുടെ മരണമെന്നുമായിരുന്നു സൗദിയുടെ വിശദീകരണം. കൊലപാതകവുമായി കിരീടാവകാശി മുഹമ്മദ് ബിന്‍ രാജകുമാരന് ബന്ധമില്ലെന്നും സൗദി വ്യക്തമാക്കിയിരുന്നു.

ഈ വിശദീകരണമാണ് അമേരിക്കയും ബ്രിട്ടനും തള്ളിയത്. സൗദിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് വ്യക്തമാക്കിയ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്, ഖഷോഗ്ജി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിക്കാന്‍ ഇത്രയും സമയമെടുത്തതിനെ വിമര്‍ശിച്ചു. അതേസമയം സൗദിയുമായുള്ള സഹകരണം അവസാനിപ്പിക്കാന്‍ തയ്യാറല്ലെന്ന നിലപാട് ട്രംപ് ആവര്‍ത്തിച്ചു.

Exit mobile version