കുവൈറ്റില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിട്ടില്ല, പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത; വിശദീകരണവുമായി ആഭ്യന്തര മന്ത്രാലയം

കുവൈറ്റിലെ അനധികൃത താമസക്കാര്‍ക്ക് പിഴയോ നിയമനടപടികളോ ഒഴിവാക്കാന്‍ സഹായിക്കുന്ന പൊതുമാപ്പ് പ്രഖ്യാപിച്ചെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്ത

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിട്ടുണ്ടെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കുവൈറ്റിലെ അനധികൃത താമസക്കാര്‍ക്ക് പിഴയോ നിയമനടപടികളോ ഒഴിവാക്കാന്‍ സഹായിക്കുന്ന പൊതുമാപ്പ് പ്രഖ്യാപിച്ചെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്ത.

സോഷ്യല്‍ മീഡിയയില്‍ ജനുവരി 29 മുതല്‍ ഫെബ്രുവരി 24 വരെ രാജ്യത്ത് പൊതുമാപ്പ് പ്രഖ്യാപിച്ചെന്ന വാര്‍ത്തയാണ് വ്യാപകമായി പ്രചരിച്ചത്. അനധികൃത താമസക്കാര്‍ക്ക് പിഴയടച്ച് ഇഖാമ നിയമ വിധേയമാക്കുകയോ അല്ലെങ്കില്‍ പിഴയടയ്ക്കാതെ രാജ്യം വിടാനോ അവസരമുണ്ടെന്നും കാണിച്ചാണ് വാട്‌സ്ആപ് വഴിയുള്ള വ്യാജസന്ദേശം.

എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ഇത്തരത്തിലുള്ള എന്തെങ്കിലും പ്രധാനപ്പെട്ട തീരുമാനങ്ങളുണ്ടായാല്‍ ആഭ്യന്തര മന്ത്രാലയം നേരിട്ട് തന്നെ വ്യാപകമായ പ്രചാരണങ്ങള്‍ നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ജനുവരി 28 മുതല്‍ പ്രഖ്യാപിച്ചിരുന്ന പൊതുമാപ്പ് സംബന്ധിച്ച പഴയ വാര്‍ത്തകള്‍ ശ്രദ്ധയില്‍പെട്ട ആരോ പ്രചരിപ്പിച്ച വ്യാജ സന്ദേശമാകാം ഇതെന്നാണ് വിലയിരുത്തല്‍.

Exit mobile version