‘സൗദിയെ തള്ളിപ്പറയാന്‍ സാധിക്കില്ല’; ഖഷോഗ്ജിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് ഇമ്രാന്‍ ഖാന്‍

സൗദിയുമായുള്ള നയതന്ത്ര ബന്ധം തുടരുമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.

ഇസ്ലാമാബാദ്: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകം സൗദി സ്ഥിരീകരിച്ചെങ്കിലും സൗദിയുമായുള്ള നയതന്ത്ര ബന്ധം തുടരുമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.

പാകിസ്താന്‍ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധികളാണ് ഇത്തരമൊരു നിലപാടിനു പിന്നിലെന്നും മിഡില്‍ ഈസ്റ്റ് ഐയ്ക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

ചൊവ്വാഴ്ച സൗദിയില്‍ നടക്കാനിരിക്കുന്ന നിക്ഷേപക ഉച്ചകോടിയില്‍ പങ്കെടുക്കാനായി റിയാദിലേക്ക് പോകാനിരിക്കുകയാണ് ഇമ്രാന്‍ ഖാന്‍. ഖഷോഗ്ജിയുടെ കൊലപാതകത്തിനു പിന്നാലെ പല പടിഞ്ഞാറന്‍ രാജ്യങ്ങളും ഈ ഉച്ചകോടി ബഹിഷ്‌കരിച്ചിരുന്നു.

ഉച്ചകോടിയില്‍ നിന്ന് വിട്ടുനില്‍ക്കുകയെന്നത് തന്നെ സംബന്ധിച്ച് ഇപ്പോള്‍ താങ്ങാനാവുന്നതിലുമപ്പുറമാണെന്നും അദ്ദേഹം വ്യക്തമാക്കി.

‘തുര്‍ക്കിയില്‍ നടന്ന കാര്യങ്ങള്‍ ഞെട്ടിക്കുന്നതാണ്. എന്താണ് ഞാന്‍ പറയേണ്ടത്? അത് ഞങ്ങളെയെല്ലാവരേയും ഞെട്ടിച്ചു. ഖഷോഗ്ജിയുടെ കൊലപാതകം ഞെട്ടലുണ്ടാക്കുന്നതാണ്. എന്നാല്‍ കടുത്ത സാമ്പത്തിക തിരിച്ചടി നേരിടുന്ന സാഹചര്യത്തില്‍ സൗദിയുടെ ലോണ്‍ എത്രയും പെട്ടെന്നു ലഭിക്കേണ്ട ആവശ്യകതയുണ്ട്. ഈ സാഹചര്യത്തില്‍ ഞങ്ങള്‍ നിരാശരാണ്.’ ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

Exit mobile version