സൗദി മരുഭൂമിയില്‍ വാഹനം കുടുങ്ങി അഞ്ച് ദിവസം അകപ്പെട്ട എമിറാത്തികളെ രക്ഷിച്ച് സൗദി ഗാര്‍ഡ്‌സ്!

യുഎഇ പൗരന്മാരെ സൗദി അറേബ്യന്‍ ബോര്‍ഡര്‍ ഗാര്‍ഡ്‌സ് രക്ഷിച്ചു.

ദുബായ്: അഞ്ച് ദിവസത്തോളം സൗദി അറേബ്യയുടെ അതിര്‍ത്തിയില്‍ കുടുങ്ങിപ്പോയി ദുരിതത്തിലായ യുഎഇ പൗരന്മാരെ സൗദി അറേബ്യന്‍ ബോര്‍ഡര്‍ ഗാര്‍ഡ്‌സ് രക്ഷിച്ചു. അഞ്ചു ദിവസമായി മരുഭൂമിയില്‍ കുടുങ്ങി കിടക്കുകയായിരുന്നു ഇവര്‍.സൗദി ഗാര്‍ഡ്‌സ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

റബ് അല്‍ ഖലീല്‍ ഭാഗത്തെ മരുഭൂമിയില്‍ വാഹനത്തിന്റെ ടയര്‍ കുടുങ്ങി ബുദ്ധിമുട്ടിലായ രണ്ടു എമിറാത്തികളെ തിങ്കളാഴ്ച രാവിലെയാണ് രക്ഷപ്പെടുത്തിയത്. ബുധനാഴ്ച ഉച്ചയ്ക്കു ശേഷം എമിറാത്തികളെ കാണാതാവുകയായിരുന്നു. പിന്നീട് വിവരമൊന്നും ലഭിച്ചില്ല. തുടര്‍ന്ന് ദമാം മെഡിക്കല്‍ റസ്‌ക്യൂ ആന്‍ഡ് കോര്‍ഡിനേഷന്‍ സെന്റര്‍ (ഡിഎംആര്‍സിസി)യ്ക്ക് ഞായറാഴ്ച ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ തെരച്ചില്‍ നടത്തി. ഒടുവില്‍ റബ് അല്‍ഖലീലിലെ ദക്ഷിണ ഭാഗത്തുനിന്നും ഏതാണ്ട് 68 കിലോമീറ്റര്‍ അകലെ നിന്നും ഇരുവരേയും കണ്ടെത്തുകയായിരുന്നു എന്നാണ് ഡിഎംആര്‍സിസില്‍ നിന്നും ലഭിക്കുന്ന വിവരം.

മരുഭൂമിയില്‍ എസ്‌യുവി വാഹനം കുടുങ്ങി ഒറ്റപ്പെട്ടുപോയ എമിറാത്തികളെ സൗദി ജനറല്‍ സെക്യൂരിറ്റി ഏവിയേഷന്‍ കമാന്‍ഡിന്റെ സഹായത്തോടെ കണ്ടെത്തുകയായിരുന്നു. രണ്ടു പേരായിരുന്നു വാഹനത്തില്‍. ഉടന്‍ തന്നെ ആവശ്യമായ മെഡിക്കല്‍ സൗകര്യങ്ങള്‍ നല്‍കുകയും വാഹനം മണലില്‍ നിന്നും പുറത്തെടുക്കുകയും ചെയ്തു. അവരുടെ സുരക്ഷ ഉറപ്പാക്കിയ ശേഷം യാത്ര തുടരാന്‍ അനുവദിക്കുകയായിരുന്നുവെന്നും സൗദി സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Exit mobile version