ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ അടച്ചു; സര്‍വീസുകള്‍ വെട്ടിച്ചുരുക്കി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്

അതേ സമയം റണ്‍വേ അടച്ചത് മൂലമുള്ള അധിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ പ്രവര്‍ത്തനത്തില്‍ ചില മാറ്റങ്ങളും എയര്‍ലൈന്‍സ് നടപ്പാക്കിയിട്ടുണ്ട്

ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ അടച്ചത് കാരണം എമിറേറ്റ്‌സ് എയര്‍ലൈന്‍സ് തങ്ങളുടെ സര്‍വീസുകള്‍ വെട്ടിച്ചുരുക്കി. ഏപ്രില്‍ 16 മുതല്‍ മെയ് 30 വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 25 ശതമാനത്തോളം സര്‍വീസുകളാണ് എമിറേറ്റ്‌സ് വെട്ടിച്ചുരുക്കിയിരിക്കുന്നത്. ചില വിമാനങ്ങള്‍ റദ്ദാക്കുകയും ചിലതിന്റെ സമയം പുനഃക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. ഏകദേശം 48 വിമാനങ്ങളുടെ സര്‍വീസ് ആണ് നിര്‍ത്തലാക്കിയിരിക്കുന്നത്.

അതേ സമയം റണ്‍വേ അടച്ചത് മൂലമുള്ള അധിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ പ്രവര്‍ത്തനത്തില്‍ ചില മാറ്റങ്ങളും എയര്‍ലൈന്‍സ് നടപ്പാക്കിയിട്ടുണ്ട്. യാത്രക്കാരുടെ ആവശ്യങ്ങള്‍ കണക്കിലെടുത്ത് കൊണ്ടുള്ളതാണ് മാറ്റങ്ങള്‍. ഇതനുസരിച്ച് എമിറേറ്റസ് ബാങ്കോക്കിനും സിഡ്‌നിയ്ക്കും ഇടയിലുള്ള വിമാന സര്‍വീസുകള്‍ റദ്ദു ചെയ്തിട്ടുണ്ട്. പകരം ജൂണ്‍ 1 മുതല്‍ ദുബായില്‍ നിന്ന് നേരിട്ട് സിഡ്‌നിയിലേക്ക് സര്‍വീസുകള്‍ നടത്തും.

പെര്‍ത്ത് നഗരത്തിലേക്ക് ദിനംപ്രതി ഒരു സര്‍വീസ് മാത്രമാണ് ഉണ്ടാവുക. ദുബായില്‍ നിന്ന് സാന്റിയാഗോ വഴി സാവോ പോളോയിലേക്കുള്ള ലിങ്ക് ഫ്‌ളൈറ്റ് സര്‍വീസും റദ്ദാക്കിയിട്ടുണ്ട്. യുകെ സര്‍വീസുകളില്‍ ദിനംപ്രതിയുള്ള ബോയിംഗ് 777 വിമാനസര്‍വീസിന് പകരം A380 വിമാനങ്ങളാകും സര്‍വീസ് നടത്തുക.

Exit mobile version