വധശിക്ഷയ്ക്ക് മിനുട്ടുകള്‍ക്ക് മുമ്പ് കാരുണ്യം: മകന്റെ ജീവനെടുത്ത പ്രതിയ്ക്ക് മാപ്പ് നല്‍കി കൊല്ലപ്പെട്ട യുവാവിന്റെ പിതാവ്

റിയാദ്: സൗദിയില്‍ വധശിക്ഷയ്ക്ക് മിനുട്ടുകള്‍ക്ക് മുമ്പ് പ്രതിയ്ക്ക് തൂക്കുകയറില്‍ നിന്നും അത്ഭുത രക്ഷ. കൊല്ലപ്പെട്ടയാളുടെ കുടുംബം അവസാന നിമിഷം മാപ്പ് നല്‍കിയതോടെയാണ് പ്രതിയ്ക്ക് വീണ്ടും ജീവിതം ലഭിച്ചത്.

തബൂക്കില്‍ അഞ്ച് വര്‍ഷം മുമ്പ് നടന്ന കൊലപാതക കേസിലാണ് വധശിക്ഷ ഒഴിവായത്. വന്‍ തുകയുള്‍പ്പെടെ നിരവധി വാഗ്ദാനങ്ങള്‍ നിരസിച്ച് പ്രതിക്ക് കൊല്ലപ്പെട്ട യുവാവിന്റെ പിതാവ് മാപ്പ് നല്‍കി.

സൗദിയില തബൂക്കില്‍ അഞ്ച് വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുതൈ്വര്‍ അല്‍ അതൈ്വവിയെന്ന സൗദി പൗരന്റെ മകനും മറ്റൊരു സ്വദേശി യുവാവും തമ്മിലുണ്ടായ വാക്കേറ്റം, മുതൈ്വര്‍ അല്‍ അതൈ്വവിയുടെ മകന്റെ ജീവനെടുത്തത്.

തുടര്‍ന്ന് മകന്റെ കൊലപാതകിയ്ക്ക് പരമാവധി ശിക്ഷ നല്‍കാന്‍ മുതൈ്വര്‍ നിയമനടപടികളുമായി മുന്നോട്ട് പോയി. പ്രതിക്ക് വധശിക്ഷ വിധിച്ച കോടതി വിധി അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ശരിവെച്ചു.

ഇതോടെമാപ്പ് നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിയുടെ കുടുംബം നിരവധി തവണ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിനെ സമീപിച്ചിരുന്നു. വന്‍ തുകയുള്‍പ്പടെ നിരവധി വാഗ്ധാനങ്ങളും നല്‍കി. എന്നാല്‍ പ്രതിയ്ക്ക് ശിക്ഷ നടപ്പാക്കണമെന്ന ആവശ്യത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതാവ് ഉറച്ച് നില്‍ക്കുകയായിരുന്നു.

പിന്നീട് നിവധി പൗരപ്രമുഖരും മധ്യസ്ഥശ്രമങ്ങളുമായി മുന്നോട്ട് വന്നെങ്കിലും കൊല്ലപ്പെട്ടയാളുടെ പിതാവ് തീരുമാനത്തില്‍ നിന്ന് പിന്മാറാനോ പ്രതിക്ക് മാപ്പ് നല്‍കാനോ തയ്യാറായില്ല. ഒടുവില്‍ പ്രതിക്ക് വധശിക്ഷ നടപ്പിലാക്കാന്‍ അധികൃതര്‍ ഉത്തരവിട്ടു.

ശിക്ഷ നടപ്പിലാക്കുന്നതിനായി തബൂക്കിലെ അല്‍ ഖിസാസ് സ്‌ക്വയറില്‍ പ്രതിയെ കൊണ്ടുവന്നു. ഇരു കുടുംബങ്ങളും പൗരപ്രമുഖരും നാട്ടുകാരും ഇവിടെ എത്തിയിരുന്നു. പ്രതിയുടെ വധശിക്ഷ നടപ്പിലാക്കാനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായി. എന്നാല്‍ ശിക്ഷ നടപ്പിലാക്കുന്നതിന് തൊട്ട് മുമ്പ് കൊല്ലപ്പെട്ടയാളുടെ പിതാവ് പ്രതിക്ക് മാപ്പു നല്‍കുന്നതായി പ്രഖ്യാപിച്ചു. കൂടി നിന്നവരെല്ലാം തഖ്ബീര്‍ മുഴക്കി പ്രഖ്യാപനത്തെ സ്വീകരിച്ചു. കൂടാതെ അദ്ദേഹത്തിന്റെ അനുകമ്പയെ പ്രശംസിക്കുകയും ചെയ്തു.

വികാര നിര്‍ഭരമായ സംഭവങ്ങളായിരുന്നു പിന്നീട് നടന്നത്. പ്രതിയുടെ കുടുംബം മുതൈ്വറിനോട് നന്ദി അറിയിക്കുകയും അദ്ദേഹത്തിനും കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു. ദൈവം തന്റെ ഹൃദയത്തില്‍ സമാധാനവും അനുകമ്പയും നിറച്ചു. അതിനാല്‍ ഞാന്‍ ദൈവത്തെ ഓര്‍ത്ത് പ്രതിക്ക് മാപ്പ് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Exit mobile version