ഉമറും അലിയും ഇനി രണ്ട് പേര്‍: ഇറാഖി സയാമീസ് ഇരട്ടകള്‍ക്ക് 11 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ പുതുജന്മം

റിയാദ്: റിയാദിലെത്തിച്ച ഇറാഖി സയാമീസ് ഇരട്ടകളായ ഉമര്‍, അലി എന്നീ കുട്ടികളെ ശസ്ത്രക്രിയയിലൂടെ വിജയകരമായി വേര്‍പെടുത്തി. വ്യാഴാഴ്ച രാവിലെ ഏഴിന് ശസ്ത്രക്രിയാ സംഘം തലവന്‍ ഡോ. അബ്ദുല്ല അല്‍റബീഅയുടെ മേല്‍നോട്ടത്തില്‍ റിയാദിലെ നാഷനല്‍ ഗാര്‍ഡ് മന്ത്രാലയത്തിന് കീഴില്‍ കുട്ടികള്‍ക്കായുള്ള കിങ് അബ്ദുല്ല സ്‌പെഷലിസ്റ്റ് ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. സല്‍മാന്‍ രാജാവിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്.

വ്യാഴാഴ്ച രാവിലെ ഏഴിന് തുടങ്ങിയ ശസ്ത്രക്രിയ വൈകീട്ട് ആറിനാണ് അവസാനിച്ചത്. ഇരട്ടകള്‍ നെഞ്ചും വയറും പരസ്പരം ഒട്ടിപ്പിടിച്ച നിലയിലായിരുന്നു. കരള്‍, പിത്തസഞ്ചി, കുടല്‍ എന്നിവയും പരസ്പരം പങ്കിടുന്ന നിലയിലായിരുന്നു. അതുകൊണ്ട് തന്നെ വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയയുടെ കാര്യത്തില്‍ 70 ശതമാനം വിജയ പ്രതീക്ഷ മാത്രമാണുണ്ടായിരുന്നത്.

എന്നാല്‍ വളരെ സൂക്ഷ്മമായി വിദഗ്ധ സംഘത്തിന് ഇവരെ വിജയകരമായി വേര്‍പ്പെടുത്താനായി. ശസ്ത്രക്രിയ ചെയ്ത് വേര്‍പ്പെടുത്തിയ ശരീര ഭാഗങ്ങളില്‍ സ്‌കിന്‍ എക്‌സ്റ്റന്‍ഷന്‍ ഉപകരണങ്ങള്‍ ഘടിപ്പിക്കുന്ന ശസ്ത്രക്രിയക്കും ഇരട്ടകളെ വിധേയമാക്കി. പ്ലാസ്റ്റിക് സര്‍ജറി സംഘമാണ് ഇത് ചെയ്തത്. വേര്‍പ്പെടുത്തിയ കുട്ടികളുടെ ആരോഗ്യനില ഭദ്രമാണ്.

ശസ്ത്രക്രിയ നടത്തിയ സംഘത്തില്‍ കണ്‍സള്‍ട്ടന്റുകള്‍, സ്‌പെഷ്യലിസ്റ്റുകള്‍, നഴ്‌സിങ്, ടെക്‌നിക്കല്‍ കേഡര്‍മാര്‍ എന്നിവരടക്കം 27 പേരാണുണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ഇറാഖി സയാമീസുകളെ മാതാപിതാക്കളോടൊപ്പം റിയാദിലെത്തിച്ചത്.

ഇറാഖില്‍ നിന്നുള്ള സയാമീസ് ഇരട്ടകളെ വേര്‍പ്പെടുത്തുന്ന അഞ്ചാമത്തെ ശസ്ത്രക്രിയയാണിത്. 1990 മുതലാണ് സയാമീസുകളെ വേര്‍പെടുത്തുന്നതിനുള്ള സൗദി പദ്ധതി ആരംഭിച്ചത്. ഇത്തരത്തില്‍ നടന്ന 54-ാമത്തെ ശസ്ത്രക്രിയയാണ് കഴിഞ്ഞ ദിവസം നടന്നത്.

Exit mobile version