ഇനി ഒന്നല്ല, രണ്ട് ജീവിതങ്ങൾ! സയാമീസ് ഇരട്ടകളെ വേർപെടുത്തുന്ന ശസ്ത്രക്രിയ വിജയകരം; രണ്ടുപേരായി ഇഹ്സാനും ബസ്സാമും

ജിദ്ദ: സൗദിയിലെ റിയാദിൽ നടന്ന ശസ്ത്രക്രിയയിൽ സിറിയൻ സയാമീസ് ഇരട്ടകളായ ഇഹ്സാൻ, ബസ്സാം എന്നിവരെ വിജയകരമായി വേർപെടുത്തി. വ്യാഴാഴ്ച രാവിലെ ആരംഭിച്ച ശസ്ത്രക്രിയ ഏഴര മണിക്കൂർ നീണ്ടു. ഒടുവിൽ ശസ്ത്രക്രിയ വിജയകരമായെന്ന് ഡോക്ടർമാർ അറിയിക്കുകയായിരുന്നു.

റിയാദിലെ നാഷനൽ ഗാർഡിന്റെ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിക്ക് കീഴിലെ കുട്ടികൾക്കായുള്ള കിങ് അബ്ദുല്ല സ്‌പെഷലിസ്റ്റ് ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. നെഞ്ചിന്റെ താഴത്തെ ഭാഗം, വയർ, കരൾ, കുടൽ എന്നിവ ഒട്ടിച്ചേർന്ന നിലിലുള്ള സിറിയൻ സയാമീസ് കുട്ടികൾക്കാണ് ശസ്ത്രക്രിയ നടത്തിയത്.

അഞ്ച് ഘട്ടങ്ങളിലായിട്ടായിരുന്നു ശസ്ത്രക്രിയയ. സയാമീസ് ശസ്ത്രക്രിയ തലവൻ ഡോ. അബ്ദുല്ല അൽറബീഅയുടെ നേതൃത്വത്തിൽ വിദഗ്ധരായ 26 പേരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.

സയാമീസ് ഇരട്ടകളുടെ ജീവിതത്തെ കുറിച്ചറിഞ്ഞ സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും നിർദേശത്തെ തുടർന്നാണ് കഴിഞ്ഞ മേയ് 22 ന് മാതാപിതാക്കളോടൊപ്പം സയാമീസ് ഇരട്ടകളെ സൗദിയിലെത്തിച്ചത്. തുർക്കിയയിലെ അങ്കാറയിൽ നിന്ന് എയർ മെഡിക്കൽ ഇവാക്വേഷൻ വിമാനത്തിലാണ് സിറിയൻ സയാമീസ് ഇരട്ടകളെ റിയാദിലെത്തിച്ചത്.

ALSO READ- കാൽ വഴുതി കിണറ്റിൽ വീണു; കിണറ്റിലിറങ്ങി ഫയർഫോഴ്‌സിന്റെ രക്ഷാപ്രവർത്തനം; ഒടുവിൽ വയോധികയ്ക്ക് പുനർജന്മം

അതേസമയം, ശസ്ത്രക്രിയ വിജയിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് വാർത്തക്കുറിപ്പിൽ മെഡിക്കൽ, സർജിക്കൽ സംഘത്തലവൻ ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു. സയാമീസ് ഇരട്ടകളെ വേർപെടുത്താനുള്ള സൗദി പദ്ധതിയുടെ വിജയ പരമ്പരയിൽ 58ാമത്തേതാണ് ഇതെന്നും ഡോക്ടർ പറഞ്ഞു.

Exit mobile version