മൂന്നു പതിറ്റാണ്ടു നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചു; എയര്‍പോര്‍ട്ടില്‍ നിന്നും വീട്ടിലേക്ക് മടങ്ങവേ വാഹനാപകടത്തില്‍ മരണം; കണ്ണുനനയിക്കും ഈ പ്രവാസിയുടെ ജീവിതം

30 വര്‍ഷം നീണ്ട പ്രവാസ ജീവിതം മതിയാക്കി യുഎഇയില്‍ നിന്നും മടങ്ങിയ പ്രവാസിക്ക് വീട്ടിലേക്ക് തിരിക്കവെ വാഹനാപകടത്തില്‍ ദാരുണാന്ത്യം.

ഷാര്‍ജ: 30 വര്‍ഷം നീണ്ട പ്രവാസ ജീവിതം മതിയാക്കി യുഎഇയില്‍ നിന്നും മടങ്ങിയ പ്രവാസിക്ക് വീട്ടിലേക്ക് തിരിക്കവെ വാഹനാപകടത്തില്‍ ദാരുണാന്ത്യം. കൊല്ലം ശൂരനാട് സ്വദേശി രാജന്‍ പിള്ളയാണ് മരിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും വീട്ടിലേക്കുള്ള യാത്രാമധ്യേ സഞ്ചരിച്ച കാര്‍ ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ഇന്നലെ ഷാര്‍ജയില്‍ നിന്നും തിരുവനന്തപുരത്തേക്ക് എത്തിയതായിരുന്നു ഇദ്ദേഹം. 30 വര്‍ഷമായി ഷാര്‍ജ പോലീസില്‍ ജോലി ചെയ്തു വരികയായിരുന്നു രാജന്‍ പിള്ള.

രാജന്‍ പിള്ളയെ എയര്‍പോര്‍ട്ടില്‍ നിന്നും വീട്ടിലേക്ക് കൂട്ടാന്‍ വന്ന ഏക മകന്‍ അമലിനും അനുജനും പരുക്കുണ്ടെന്നാണു വിവരം. അമലിന്റെ പരുക്ക് ഗുരുതരമാണെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

പരേതനായ കരുണാകരന്‍ പിള്ളയാണ് രാജന്‍ പിള്ളയുടെ പിതാവ്. മാതാവ്: രത്നമ്മ. ഭാര്യ: വിജയശ്രീ.

Exit mobile version