ഖത്തറിൽ നിന്നും മടങ്ങി കാണാതായ കോഴിക്കോട് സ്വദേശി നാട്ടിലെത്തി; സ്വന്തം ഇഷ്ടപ്രകാരം പോയതെന്ന് റിജേഷ്

കോഴിക്കോട്: ഒന്നരമാസമായി കാണാമറയത്ത് കഴിഞ്ഞ കോഴിക്കോട് വളയം സ്വദേശി ഒടുവിൽ നാട്ടിലെത്തി. ഖത്തറിൽ നിന്നു നാട്ടിലേക്ക് മടങ്ങിയ ശേഷം കാണാതായെന്ന് പരാതി ഉയർന്ന വളയം സ്വദേശി റിജേഷ് (35) ആണ് തിരിച്ചെത്തിയത്.

പോലീസ് അന്വേഷിക്കുന്നതിനിടെ നാദാപുരം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായ റിജേഷ്, സ്വന്തം ഇഷ്ടപ്രകാരം ബംഗളൂരുവിൽ പോയതാണെന്ന് പറഞ്ഞു. റിജേഷിനെ സ്വർണക്കടത്തുകാർ തട്ടിക്കൊണ്ടുപോയതാണെന്ന് പരാതി ഉയർന്നിരുന്നു.

ഖത്തറിൽ നിന്നും നാട്ടിലേക്ക് തിരിച്ച റിജേഷ് ഒന്നരമാസമായി വീട്ടിലെത്തിയിരുന്നില്ല. റിജേഷിനെ പറ്റി ഒരു വിവരവുമില്ലെന്ന് കാണിച്ച് സഹോദരൻ രാജേഷ് വളയം പോലീസിൽ പരാതി നൽകിയിരുന്നു. കൂടാതെ വീട്ടിലേക്ക് ചില ഭീഷണി ഫോൺകോളുകൾ വരുന്നുണ്ടെന്നും പലരും അന്വേഷിച്ച് വരുന്നെന്നുമായിരുന്നു സഹോദരന്റെ പരാതി.

ALSO READ- പോലീസ് ഉദ്യോഗസ്ഥന്റെ പോക്കറ്റടിക്കാൻ ശ്രമം; ബ്ലേഡ് കൊണ്ട് പോക്കറ്റ് കീറാൻ ഒരുങ്ങവെ പിടികൂടി! പോലീസുകാരനാണെന്ന് മോഷ്ടാവ് അറിഞ്ഞത് സ്‌റ്റേഷനിലെത്തിയപ്പോൾ

സഹോദരൻ രാജേഷിന്റെ പരാതിയിൽ വളയം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. മൂന്നുവർഷം മുമ്പാണ് റിജേഷ് ഖത്തറിൽ ജോലിക്കായി പോയത്. കഴിഞ്ഞ ജൂൺ പത്തിന് ഇയാൾ ബന്ധുക്കളുമായി ഫോണിൽ സംസാരിച്ചിരുന്നു. അന്നാണ്
ജൂൺ 16-ന് കണ്ണൂർ വിമാനത്താവളംവഴി നാട്ടിൽ എത്തുമെന്ന് റിജേഷ് പറഞ്ഞത്.

പിന്നീട് ഒരു വിവരവും ലഭിച്ചില്ല. ചിലർ റിജേഷിനെ അന്വേഷിച്ച് വീട്ടുപരിസരത്തേക്ക് എത്താൻ തുടങ്ങിയതോടെയാണ് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്.

Exit mobile version