35000 റിയാല്‍ ശമ്പള കുടിശ്ശിക നല്‍കാനുണ്ട്; പ്രവാസി തൊഴിലാളിയെ തേടി സൗദി പൗരന്‍ ഇന്ത്യന്‍ എംബസിയില്‍

റിയാദ്: ശമ്പള കുടിശ്ശിക കൊടുത്തു തീര്‍ക്കാനുളള ഇന്ത്യന്‍ തൊഴിലാളിയെ തേടി സൗദി പൗരന്‍ ഇന്ത്യന്‍ എംബസിയില്‍. നാട്ടില്‍ പോയി തിരിച്ചുവരാത്തതിനാലാണ് സ്‌പോണ്‍സര്‍ തൊഴിലാളിയെ തേടി ഇന്ത്യന്‍ എംബസിയെ സമീപിച്ചത്.

ബിശയില്‍ ജോലി ചെയ്തിരുന്ന മുഹമ്മദ് യൂനുസ് എന്ന കാശ്മീരി യുവാവിനെയാണ് സ്‌പോണ്‍സര്‍ അന്വേഷിക്കുന്നത്. യൂനുസിന് 35000 റിയാല്‍ ശമ്പള കുടിശ്ശിക കൊടുത്തു തീര്‍ക്കാനുണ്ടെന്ന് സ്‌പോണ്‍സര്‍ എംബസിയെ അറിയിച്ചു.

ശമ്പള കുടിശ്ശികയും ആനുകൂല്യവുമടക്കം 35000 റിയാല്‍ അദ്ദേഹത്തിന് നല്‍കാനുണ്ട്. സഹപ്രവര്‍ത്തകര്‍ വഴി അന്വേഷിച്ചിട്ട് ഇയാളുമായി ബന്ധപ്പെടാന്‍ സാധിക്കാതെ വന്നപ്പോഴാണ് എംബസിയെ സമീപിച്ചത്.

സ്‌പോണ്‍സറുടെ കൈവശം യൂനുസിന്റെ ഇഖാമയുടെയോ പാസ്പോര്‍ട്ടിന്റെയോ നമ്പറുകളൊന്നും ഉണ്ടായിരുന്നില്ല. 2010ല്‍ ഇന്‍ജാസ് വഴി സ്പോണ്‍സര്‍ യൂനുസിന്റെ ഭാര്യക്ക് പണമയച്ചതിന്റെ സ്ലിപ് മാത്രമാണ് കയ്യിലുണ്ടായിരുന്നത്. തുടര്‍ന്ന് എംബസി ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഇയാളുടെ ഇഖാമ നമ്പര്‍ കണ്ടെത്തുകയായിരുന്നു.

ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ യൂസുഫ് കാക്കഞ്ചേരിയുടെ ഇടപെടലിലൂടെ യൂനുസിന്റെ അഡ്രസും ഫോണ്‍ നമ്പറും കണ്ടെത്തി. യൂനുസുമായി സ്‌പോണ്‍സര്‍ ഫോണില്‍ ബന്ധപ്പെടുകയും ചെയ്തു. യൂനുസ് രോഗബാധിതനാണെന്നും സംസാരം വ്യക്തമാവുന്നില്ലെന്നും ബാങ്ക് അക്കൗണ്ട് ഇല്ലാത്തതിനാല്‍ പിന്നീട് വിവരം കൈമാറാമെന്ന് അറിയിച്ചതായും സ്പോണ്‍സര്‍ പറഞ്ഞു.

2019ലാണ് മുഹമ്മദ് യൂനുസ് റീ എന്‍ട്രിയില്‍ നാട്ടില്‍ പോയത്. പിന്നീട് അസുഖം കാരണം തിരിച്ചുവരാന്‍ സാധിച്ചില്ല. കൊവിഡ് വ്യാപനം ശക്തമായതോടെ ഇന്ത്യയില്‍ നിന്നുളള വിമാനസര്‍വീസുകള്‍ നിലച്ചതും യൂനുസിന്റെ മടക്ക യാത്ര പ്രതിസന്ധിയിലാക്കുകയായിരുന്നു.

Exit mobile version