യുഎഇയിലേക്കുള്ള ഇന്ത്യാക്കാരുടെ യാത്രാവിലക്കില്‍ ഇളവ്: താമസ വിസക്കാര്‍ക്കും രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്കും മടങ്ങിയെത്താം

ദുബായ്: ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുഎഇയിലേക്കുള്ള യാത്രാവിലക്ക് നീങ്ങുന്നു. രണ്ട് ഡോസ് അംഗീകൃത വാക്സിനെടുത്ത താമസ വിസക്കാര്‍ക്ക് തിരിച്ചെത്താം. ആഗസ്റ്റ് അഞ്ച് മുതല്‍ ഇളവ് പ്രാബല്യത്തില്‍ വരും.

രണ്ടാം ഡോസ് വാക്സിന്‍ സ്വീകരിച്ച് 14 ദിവസം പിന്നിട്ടവര്‍ക്കാണ് മടങ്ങിയെത്താന്‍ അനുമതിയുള്ളത്. താമസ വിസയുള്ളവര്‍ക്ക് മടങ്ങിയെത്താം. യുഎഇ അംഗീകരിച്ച വാക്‌സിന്‍ രണ്ട് ഡോസും എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റും കൈവശം വേണം.

സിനോഫാം, മോഡേണ, ഫൈസര്‍, കോവിഷീല്‍ഡ്, സ്പുട്‌നിക് എന്നീ വാക്‌സിനുകളാണ് യുഎഇ അംഗീകരിച്ചിട്ടുള്ളത്. ഇന്ത്യയില്‍ നിലവില്‍ കോവിഷീല്‍ഡ്, സ്പുട്‌നിക് വാക്‌സിനുകള്‍ മാത്രമാണ് യുഎഇ അംഗീകരിച്ചിട്ടുള്ളത്.

വാക്‌സിന്‍ എടുത്തിട്ടില്ലെങ്കിലും മെഡിക്കല്‍ ഫീല്‍ഡിലുള്ളവര്‍, ഡോക്ടര്‍, നഴ്‌സ്, ടെക്‌നീഷ്യന്‍, സ്‌കൂള്‍, കോളേജ്, യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും ഇളവുകള്‍ നല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് ടെസ്റ്റ് റിസള്‍ട്ടുമായി മടങ്ങിയെത്താം എന്നും അധികൃതര്‍ അറിയിക്കുന്നു.

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്നായിരുന്നു ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുഎഇ വിലക്കേര്‍പ്പെടുത്തിയത്. ഇന്ത്യക്ക് പുറമെ ബംഗ്ലാദേശ്, ശ്രീലങ്ക, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും വിലക്കുണ്ടായിരുന്നു.

Exit mobile version