ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക് ജൂലൈ ആറ് വരെ വിമാന സര്‍വീസ് ഉണ്ടാവില്ല; അറിയിപ്പുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍

ദുബൈ: ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക് ജൂലൈ ആറ് വരെ വിമാന സര്‍വീസ് ഉണ്ടാവില്ലെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍. ട്വിറ്ററിലൂടെ യാത്രക്കാരുടെ സംശയങ്ങള്‍ക്ക് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. യാത്രയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കാമെന്നും എമിറേറ്റ്‌സിന്റെ മറുപടിയില്‍ പറയുന്നു.

ജൂണ്‍ 23 മുതല്‍ ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക് സര്‍വീസ് തുടങ്ങുമെന്നായിരുന്നു എമിറേറ്റ്‌സ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, രണ്ട് ദിവസമായിട്ടും സര്‍വീസ് തുടങ്ങാത്തതിനെ തുടര്‍ന്ന് യാത്രക്കാര്‍ ട്വിറ്റര്‍ വഴി ചോദ്യമുന്നയിച്ചപ്പോഴാണ് എമിറേറ്റ്‌സ് മറുപടി നല്‍കിയത്.

ദുബൈയുടെ ഔദ്യോഗിക എയര്‍ലൈനായ എമിറേറ്റ്‌സ് എയര്‍ലൈന്‍ നിലപാട് വ്യക്തമാക്കിയതോടെ ജൂലൈ ആറ് വരെ ഇന്ത്യയില്‍ നിന്ന് ദുബൈ വിമാനങ്ങള്‍ ഉണ്ടാവില്ലെന്ന് ഏറെക്കുറെ ഉറപ്പായി. ജൂലൈ ആറ് വരെ യു.എ.ഇയിലേക്ക് സര്‍വീസുണ്ടാവില്ലെന്ന് എയര്‍ ഇന്ത്യ നേരത്തെ അറിയിച്ചിരുന്നു.

Exit mobile version