സ്വിമ്മിങ് പൂളില്‍ അതിഥിയുടെ അശ്ലീലം; മാപ്പു പറഞ്ഞ് ദുബായ് ബീച്ച് ക്ലബ്

ക്ലബ് അധികൃതരുടെ വിശദീകരണപ്രകാരം ഡിസംബര്‍ 15നാണ് വിവാദ സംഭവം നടന്നത്

ദുബായ്: സ്വിമ്മിങ് പൂളില്‍ വെച്ച് സന്ദര്‍ശകന്‍ അശ്ലീലം കാണിച്ചതില്‍ മാപ്പു പറഞ്ഞ് ദുബായിലെ സീറോ ഗ്രാവിറ്റി ബീച്ച് ക്ലബ് അധികൃതര്‍. ക്ലബിലെ പൂളിന് സമീപം ഒരാള്‍ അശ്ലീല പ്രവൃത്തി നടത്തുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ക്ലബ് അധികൃതര്‍ മാപ്പു പറഞ്ഞെത്തിയിരിക്കുന്നത്.

വീഡിയോയില്‍ ഉണ്ടായിരുന്ന ആളെ സംഭവത്തിന് പിന്നാലെ തന്നെ പുറത്താക്കിയെന്നും ആ സ്ഥലത്തു നിന്ന് വിലക്കിയെന്നും ക്ലബ് അധികൃതര്‍ വിശദീകരിച്ചു. ഇതിന് പുറമെ ഭാവിയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയെന്നും ഇവര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തു വിട്ട കുറിപ്പില്‍ പറയുന്നു.

ക്ലബ് അധികൃതരുടെ വിശദീകരണപ്രകാരം ഡിസംബര്‍ 15നാണ് വിവാദ സംഭവം നടന്നത്. സ്വിമ്മിങ് പൂളില്‍ വെച്ച് വസ്ത്രം മാറ്റിയ ശേഷം ശരീരഭാഗങ്ങളില്‍ സ്പര്‍ശിക്കുന്ന വീഡിയോയാണ് പ്രചരിച്ചത്. സ്വിമ്മിങ് പൂളിന്റെ ഗ്ലാസ് ഭിത്തികളിലൂടെ ഇത് പുറത്തുനിന്നുള്ളവര്‍ കാണുകയും ഇവിടെയുണ്ടായിരുന്നവരില്‍ ആരോ വീഡിയോ പകര്‍ത്തുകയുമായിരുന്നു. ഈ സമയത്ത് സ്വിമ്മിങ് പൂളില്‍ മറ്റ് നിരവധിപ്പേരുമുണ്ടായിരുന്നു. പൂളിന് സമീപത്തായുള്ള ഗ്ലാസ് മതിലിനരികെ അശ്ലീലം നടത്തിയ ആള്‍ക്ക് സുരക്ഷാ ഉദ്യോഗസ്ഥര്‍ താക്കീത് നല്‍കുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ടായിരുന്നു.

ഒരിക്കലും അംഗീകരിക്കാനാകാത്ത ഒരു സംഭവം ക്ലബില്‍ നടന്നതില്‍ തീവ്ര ഖേദം രേഖപ്പെടുത്തുന്നു.അതിഥികളുടെ ക്ഷേമത്തിനാണ് ഞങ്ങളുടെ പ്രഥമ പരിഗണന. മര്യാദവിട്ടുള്ള ഒരുതരം പ്രവൃത്തികളും ഇവിടെ വച്ചുപൊറുപ്പിക്കില്ല. നല്ലരീതിയില്‍ പെരുമാറണമെന്നുള്ളത് ഞങ്ങള്‍ എപ്പോഴും നിഷ്‌കര്‍ഷിക്കുന്ന കാര്യമാണ്. പൂളിലെ വെള്ളത്തിന്റെ ഗുണനിലവാരം എല്ലാ മണിക്കൂറിലും പരിശോധിച്ച് ഉറപ്പുവരുത്താറുണ്ട്. ഇക്കാര്യത്തില്‍ മറ്റ് ആശങ്കകള്‍ വേണ്ട. ഇത്തരം ഒരു സംഭവത്തിന് ശേഷം പെരുമാറ്റചട്ടങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവെന്നും ക്ലബിന്റെ വിശദീകരണ കുറിപ്പില്‍ പറയുന്നു.

Exit mobile version