അറബ് മണ്ണും കീഴടക്കി മലയാളി; തൊഴിലാളികള്‍ സ്വന്തം പോലെ; മലയാളി കമ്പനിക്ക് ദുബായ് സര്‍ക്കാര്‍ അവാര്‍ഡ്

ദുബായ്: ദുബായില്‍ വീണ്ടും താരമായി മലയാളി. തൊഴിലാളികളെ സ്വന്തം കുടുംബാംഗത്തെ പോലെ കരുതുന്ന മുതലാളിമാര്‍ക്ക് ദുബായ് സര്‍ക്കാര്‍ നല്‍കുന്ന തഖ് ദീര്‍ അവാര്‍ഡ് തുടര്‍ച്ചയായ മൂന്നാം വര്‍ഷവും സ്വന്തമാക്കി മലയാളിയുടെ ഉടമസ്ഥതയിലുള്ള അരോമ ഇന്റര്‍നാഷനല്‍ ബില്‍ഡിങ് കോണ്‍ട്രാക്ടിങ് കമ്പനി.

ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനും കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തില്‍ ദ് മെയ് ദാന്‍ ഹോട്ടലില്‍ രാവിലെ നടന്ന പരിപാടിയില്‍ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമില്‍ നിന്ന് മാനേജിങ് ഡയറക്ടര്‍ കൊല്ലം പൂയപ്പള്ളി സ്വദേശി പികെ സജീവും ജീവനക്കാരും ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. 2016 ല്‍ തഖ് ദീര്‍ അവാര്‍ഡ് ആരംഭിച്ചതുമുതല്‍ തുടര്‍ച്ചയായി മൂന്നു വര്‍ഷവും ഈ പുരസ്‌ക്കാരം സ്വന്തമാക്കിയ ഏക ഇന്ത്യന്‍ കെട്ടിട നിര്‍മാണ സ്ഥാപനവും അരോമയാണ്.

തൊഴിലാളികള്‍ക്കുള്ള അവകാശസംരക്ഷണം, മികവാര്‍ന്ന താമസസൗകര്യം, ആരോഗ്യസുരക്ഷാ വേതന കാര്യങ്ങളിലെ പ്രതിബദ്ധത തുടങ്ങി ഒരു സ്ഥാപനം ശ്രദ്ധ വയ്‌ക്കേണ്ട ഒട്ടുമിക്ക കാര്യങ്ങളിലും അരോമ കാത്തുസൂക്ഷിക്കുന്ന സേവനത്തുടര്‍ച്ചയ്ക്കാണ് പുരസ്‌കാരം. തൊഴിലാളികളുടെ ജീവിതസാഹചര്യങ്ങള്‍ സൗഹൃദപൂര്‍ണമായ അന്തരീക്ഷത്തില്‍ മെച്ചപ്പെടുത്തുന്ന കാര്യത്തില്‍ അരോമ പ്രതിജ്ഞാബദ്ധമാണെന്ന് പികെ സജീവ് പറഞ്ഞു.

തന്റെ തൊഴിലാഴളികളില്‍ നിന്ന് മോളപ്പെട്ട ഒരനുഭവവും തനിക്ക് ഉണ്ടായിട്ടില്ലെന്ന് സജീവ് പറയുന്നു. ഇരുപതു വര്‍ഷത്തിലേറെയായി കമ്പനി ദുബായില്‍ പ്രവര്‍ത്തിക്കുന്നു. 3500ലേറെ പേര്‍ അരോമയില്‍ ജോലി ചെയ്യുന്നു. കെട്ടിട നിര്‍മാണ മേഖലയിലാണ് സാധാരണ തൊഴില്‍ തര്‍ക്കങ്ങള്‍ കണ്ടു വരാറ്. എന്നാല്‍, തൊഴിലാളികളുടെ ക്ഷേമ കാര്യത്തില്‍ എന്നും പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നതിനാല്‍ അരോമ ഇത്തരത്തിലുള്ള യാതൊരു പ്രതിസന്ധിയും അഭിമുഖീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യക്കാരടക്കം എട്ടു രാഷ്ട്രങ്ങളില്‍നിന്നുള്ള തൊഴിലാളികള്‍ക്ക് സന്തോഷപൂര്‍ണമായ തൊഴിലന്തരീക്ഷം ഒരുക്കുന്നു. ഓരോ തൊഴിലാളിക്കും അവരുടെ ദൈനംദിന പ്രശ്‌നങ്ങളില്‍ ഏറ്റവും വേഗത്തില്‍ പരിഹാരവും സഹായവും എത്തിക്കുന്നതില്‍ തങ്ങള്‍ മുന്നിലാണെന്ന് സജീവ് പറഞ്ഞു. കൃത്യതയിലും ആത്മാര്‍പ്പണത്തിലും പരിമിതചെലവിലും കാര്യക്ഷമതയോടെ പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതാണ് അരോമയെ വിശ്വാസയോഗ്യവും മികവിന്റെ ഉദാഹരണവുമാക്കുന്നത്.

Exit mobile version