ഷാര്‍ജയില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെ വാഹനത്തിന് തീപിടിച്ചു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

പെട്രോള്‍ പമ്പിലെത്തിയ വാഹനത്തിന്റെ ടാങ്ക് തുറന്നപ്പോള്‍ പുക ഉയരുന്നത് ജീവനക്കാരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു

ഷാര്‍ജ: പെട്രോള്‍ പമ്പില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെ വാഹനത്തിന് തീപിടിച്ചു. യാത്രക്കാരായിരുന്ന സ്ത്രീയും പുരുഷനും അത്ഭുതകരമായി രക്ഷപ്പെട്ടു. ഷാര്‍ജ നസ്‌വയിലെ പെട്രോള്‍ പമ്പിലായിരുന്നു സംഭവമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പെട്രോള്‍ പമ്പിലെത്തിയ വാഹനത്തിന്റെ ടാങ്ക് തുറന്നപ്പോള്‍ പുക ഉയരുന്നത് ജീവനക്കാരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. അല്‍പനേരം കഴിഞ്ഞതോടെ വാഹനത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും പുക ഉയരാന്‍ തുടങ്ങി. ഇതോടെ ജീവനക്കാര്‍ ബഹളംവെച്ച് വാഹനത്തിലുണ്ടായിരുന്നവരെ പുറത്തിറക്കി. മറ്റ് വാഹനങ്ങള്‍ മാറ്റിയും പമ്പിലെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചും ജീവനക്കാര്‍ മുന്‍കരുതലെടുത്തു.

എഞ്ചിന്‍ ഓഫാക്കി, വാഹനം സമീപത്തുള്ള ഒഴിഞ്ഞ സ്ഥലത്തേക്ക് തള്ളിമാറ്റുന്നതിനിടെ മുഴുവനായി തീപിടിക്കുകയായിരുന്നു. സിവില്‍ ഡിഫന്‍സ് അധികൃതരെ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ അഗ്‌നിശമനസേന സ്ഥലത്തെത്തിയാണ് തീയണച്ചത്.

Exit mobile version