കാഴ്ച പരിമിതിയുള്ളവര്‍ക്കും മരുന്ന് കുറിപ്പ് വായിക്കാം; കുറിപ്പടികള്‍ ബ്രെയ്ലി ലിപിയിലും ഒരുക്കി യുഎഇ

ദുബായ്: യുഎഇയില്‍ ഇനി കാഴ്ച പരിമിതിയുള്ളവര്‍ക്ക് സ്വന്തം തന്നെ സമയാസമയത്ത് മരുന്നുകള്‍ എടുത്ത് കഴിയ്ക്കാനാവും. കൃത്യമായി കഴിക്കേണ്ട മരുന്നുകള്‍ എടുത്തുനല്‍കാന്‍ ഇനി അപരരുടെ സഹായം ആവശ്യമില്ല.

കാഴ്ചപരിമിതര്‍ക്ക് കുറിപ്പടി വായിച്ച് സ്വതന്ത്രമായി മരുന്നുകള്‍ തെരഞ്ഞെടുക്കാനുള്ള സംവിധാനം ഒരുക്കിയിരിക്കുകയാണ് യുഎഇ ആരോഗ്യ-രോഗ പ്രതിരോധ മന്ത്രാലയം.
ബ്രെയ്ലി ലിപിയില്‍ മരുന്ന് പാക്കുകളില്‍ കുറിപ്പടികള്‍ രേഖപ്പെടുത്തുന്ന നൂതന പദ്ധതിക്ക് രാജ്യത്ത് തുടക്കമായി.

മരുന്ന് പാക്കേജുകളില്‍ ബ്രെയ്ലി പ്രയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യങ്ങളിലൊന്നാണ് യുഎഇ. ഇംഗ്ലീഷ്, അറബി ഭാഷകള്‍ക്ക് പുറമെ ഉറുദുവിലും മെഡിസിന്‍ ലേബലുകളില്‍ കുറിപ്പടി അച്ചടിക്കും.

വിദഗ്ധരുടെ സഹായത്തോടെ മരുന്ന് കുറിപ്പടികളുടെ ബ്രെയ്ലി ലേബലിംഗ് തയ്യാറാക്കി യുഎഇയിലെ ഏക ബ്രെയ്ലി പ്രസായ സായിദ് ഹൈയര്‍ ഓര്‍ഗനൈസേഷന്‍ പ്രിന്റിംഗ് പ്രസ്സില്‍ അച്ചടിച്ചാണ് വിപണിയിലെത്തിക്കുന്നത്. സേവന ഉപയോക്താക്കളില്‍ നിന്നും അവരുടെ കുടുംബങ്ങളില്‍ നിന്നും പ്രതികരണം ആരായുന്നതിന് സര്‍വേയും പൂര്‍ത്തിയാക്കി.

ഈ സംരംഭത്തെക്കുറിച്ചും പങ്കെടുക്കുന്ന ഫാര്‍മസികളുടെ പേരുകളെക്കുറിച്ചും വിശദീകരിക്കുന്നതിന് സോഷ്യല്‍ മീഡിയ കാമ്പയിന്‍ സംഘടിപ്പിക്കും. ഫാര്‍മസിസ്റ്റുകളുമായും ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുമായും മന്ത്രാലയം നിരന്തരം സമ്പര്‍ക്കം പുലര്‍ത്തി വരുന്നുണ്ട്.

ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍ സുപ്രധാന വികാസമായി ഇതു മാറുമെന്ന കാര്യത്തില്‍ സംശയമില്ല. യുഎഇയില്‍ താമസിക്കുന്ന വിവിധ ദേശീയതകളില്‍ നിന്നുള്ള കാഴ്ചയില്ലാത്തവര്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കാനായി അറബി, ഇംഗ്ലീഷ്, ഉറുദു ഭാഷകളില്‍ ബ്രെയ്ലി ലേബലുകള്‍ ലഭ്യമാണെന്നും ആരോഗ്യ മന്ത്രാലയം പബ്ലിക് ഹെല്‍ത്ത് പോളിസി ആന്റ് ലൈസന്‍സ് ഡിപ്പാര്‍ട്ട്മെന്റ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ. അമിന്‍ ഹുസൈന്‍ അല്‍ അമിരി പറഞ്ഞു

Exit mobile version