‘പ്രത്യേക സുഹൃത്ത്, ഒരു പ്രത്യേക ബന്ധം’: ഇന്ത്യയുടെ കോവിഡ് വാക്സിന്‍ ദുബായിലും എത്തി

ദുബായ്: കോവിഡ് പ്രതിരോധത്തിനായി ദുബായിലേക്ക് ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്സിന്‍ എത്തി. ചൊവ്വാഴ്ച ഉച്ചയോടെയാണ് എയര്‍ഇന്ത്യ കാര്‍ഗോ വിമാനത്തില്‍ വാക്സിന്‍ ദുബായ് വിമാനത്താവളത്തിലെത്തിയത്.

വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് ഇക്കാര്യം അറിയിച്ചത്. സൗഹൃദ രാജ്യങ്ങള്‍ക്ക് വാക്സിന്‍ നല്‍കുന്ന വാക്സിന്‍ മൈത്രി പദ്ധതി പ്രകാരമാണ് വാക്സിന്‍ ദുബായിലെത്തിച്ചത്.

‘ഇന്ത്യന്‍ നിര്‍മിത വാക്സിന്‍ ദുബായിലെത്തി. ഒരു പ്രത്യേക സുഹൃത്ത്, ഒരു പ്രത്യേക ബന്ധം’ ജയ്ശങ്കര്‍ ട്വിറ്ററില്‍ കുറിച്ചു.

ഉറ്റ സുഹൃത്തിനെ പിന്തുണയ്ക്കുന്നതില്‍ എല്ലായ്പ്പോഴും സന്തോഷമുണ്ടെന്നും ആരോഗ്യസംരക്ഷണത്തില്‍ ഇന്ത്യ-യുഎഇ പങ്കാളിത്തത്തിന്റെ മറ്റൊരു ഉദാഹരണമെന്നും യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍ പ്രതികരിച്ചു.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മുതല്‍ ദുബായില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സിനിമാ തീയറ്റര്‍, ഇന്‍ഡോര്‍ വിനോദ പരിപാടികള്‍ എന്നിവയ്ക്ക് ആകെ ശേഷിയുടെ അമ്പത് ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ. ഷോപ്പിംഗ് മാളുകളില്‍ അകെ ശേഷിയുടെ എഴുപത് ശതമാനം ആളുകള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. പുലര്‍ച്ചെ ഒരു മണിക്ക് ശേഷം ഭക്ഷണ ശാലകള്‍ തുറക്കാന്‍ പാടില്ല എന്നിവയാണ് പുതിയ നിയന്ത്രണങ്ങള്‍.

അടുത്തിടെ ഒമാനിലേക്ക് ഒരു ലക്ഷം ഡോസ് ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്സിന്‍ എത്തിച്ചിരുന്നു. അസ്ട്രാസെനക കോവിഷീല്‍ഡ് വാക്സിനാണ് വിതരണം ചെയ്യുന്നത്.

കഴിഞ്ഞ ദിവസം ഇന്ത്യയുടെ സഹായം ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും എത്തിയിരുന്നു. കൂടാതെ ബ്രസീല്‍ ശ്രീലങ്ക, ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും ഇന്ത്യ വാക്സിനെത്തിച്ചിരുന്നു. അയല്‍ രാജ്യങ്ങളായ ഭൂട്ടാന്‍, ബംഗ്ലാദേശ്, മാലിദ്വീപ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഇന്ത്യ സൗജന്യമായാണ് വാക്സിന്‍ നല്‍കിയത്.

Exit mobile version