ഒറ്റ സിറിഞ്ച് കൊണ്ട് 30 കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ : നിര്‍ദേശപ്രകാരമെന്ന് വാക്‌സിനേറ്റര്‍

Vaccine | Bignewslive

ഭോപ്പാല്‍ : ഒറ്റ സിറിഞ്ച് കൊണ്ട് 30 കുട്ടികള്‍ക്ക് വാക്‌സീന്‍ നല്‍കി വാക്‌സിനേറ്റര്‍. മധ്യപ്രദേശിലെ സാഗറിലുള്ള ജെയ്ന്‍ പബ്ലിക്ക് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കോവിഡ്‌ വാക്‌സിനേഷന്‍ ക്യാമ്പിനിടെയായിരുന്നു സംഭവം. കുട്ടികള്‍ വിവരമറിയച്ചതിനെത്തുടര്‍ന്ന് രക്ഷിതാക്കളെത്തി ചോദ്യം ചെയ്തപ്പോള്‍ വാക്‌സിനേറ്റര്‍ ഒരു കൂസലുമില്ലാതെ കാര്യം സമ്മതിക്കുകയും ചെയ്തു.

തനിക്ക് അധികാരികളില്‍ നിന്നും ഒരു സിറിഞ്ച് മാത്രമാണ് കിട്ടിയതെന്നും ഇതുപയോഗിച്ച് എല്ലാ വിദ്യാര്‍ഥികളെയും കുത്തി വയ്ക്കാന്‍ നിര്‍ദേശം ലഭിയ്ക്കുകയായിരുന്നുവെന്നുമാണ് വാക്‌സിനേറ്റര്‍ ജിതേന്ദ്ര നല്‍കിയിരിക്കുന്ന മറുപടി. ഒറ്റ തവണ മാത്രമുപയോഗിക്കാവുന്ന ഡിസ്‌പോസിബിള്‍ സിറിഞ്ച് ഉപയോഗിച്ചാണ് ഇയാള്‍ കുട്ടികള്‍ക്ക് വാക്‌സീന്‍ നല്‍കിയത്. ഇത് ഒരു തവണ മാത്രമുപയോഗിക്കേണ്ടതാണെന്ന അറിവുണ്ടായിരുന്നില്ലേ എന്ന രക്ഷിതാക്കളുടെ ചോദ്യത്തിന് ഇത് തനിക്ക് അറിയാമായിരുന്നുവെന്നും എന്നാല്‍ അധികൃതരോട് ചോദിച്ചപ്പോള്‍ ഒരു സിറിഞ്ച് ഉപയോഗിച്ചാല്‍ മതിയെന്ന് അറിയിച്ചുവെന്നും ഇയാള്‍ ഒഴുക്കന്‍ മട്ടില്‍ ഉത്തരം നല്‍കുന്നുണ്ട്.

സംഭവം വിവാദമായതിനെത്തുടര്‍ന്ന് സാഗര്‍ ജില്ലാ ഭരണകൂടം ജിതേന്ദ്രയ്‌ക്കെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തു. എന്നാല്‍ ഇതിന് പിന്നാലെ ഇയാളെ കാണാതായി. നിലവില്‍ ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. വാക്‌സീന്‍ സ്‌കൂളിലെത്തിക്കുന്നതിന്റെ ചുമതലയുള്ള ജില്ലാ ഇമ്മ്യൂണൈസേഷന്‍ ഓഫീസര്‍ ഡോ.രാകേഷ് റോഷനെതിരെ വകുപ്പു തല അന്വേഷണത്തിനും ജില്ലാ ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്.

Exit mobile version