‘നിങ്ങൾക്ക് വേണ്ടിയാണ് ഞങ്ങൾ വോട്ട് ചെയ്തത്’; മുൻമുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ കെട്ടിപ്പിടിച്ച് വിലപിച്ച് മധ്യപ്രദേശിലെ സ്ത്രീകൾ; വീഡിയോ

ഭോപ്പാൽ: മധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പടിയിറങ്ങിയതിന് പിന്നാലെ ശിവരാജ് സിങ് ചൗഹാന് വികാരനിർഭരമായ യാത്രയയപ്പ് നൽകി അണികളും ഉദ്യോഗസ്ഥരും. തിങ്കളാഴ്ച ചൗഹാന്റെ വസതിയിലെത്തിയ ബിജെപി പാർട്ടി അനുകൂലികളായ വനിതകൾ പൊട്ടിക്കരഞ്ഞും അദ്ദേഹത്തെ കെട്ടിപ്പിടിച്ചും സങ്കടം പങ്കിട്ടു.

ശിവരാജ് സിങ് ചൗഹാൻ പൊട്ടിക്കരയുന്ന സ്ത്രീകളെ ആശ്വസിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുകയാണ്. താങ്കൾ മുഖ്യമന്ത്രി സ്ഥാനം ഒഴിയരുതെന്ന് പറഞ്ഞാണ് സ്ത്രീകൾ അദ്ദേഹത്തെ കെട്ടിപ്പിടിച്ച് കരയുന്നത്.

നിങ്ങൾ എല്ലാവരേയും സ്‌നേഹിച്ചിരുന്നന്നും, അതിനാലാണ് ഞങ്ങൾ നിങ്ങൾക്ക് വോട്ടുചെയ്‌തെന്നുമായിരുന്നു ഒരു സ്ത്രീ പറയുന്നത്. മധ്യപ്രദേശിൽ ആദ്യമായി വനിതകൾക്ക് സാമ്പത്തിക സഹായം നൽകുന്ന ലഡ്‌ലി ബഹ്ന യോജന എന്ന പദ്ധതി ചൗഹാനായിരുന്നു അവതരിപ്പിച്ചത്.

ALSO READ- എറണാകുളം ജില്ലയിലെ മൂന്ന് മണ്ഡലങ്ങളില്‍ റദ്ദാക്കിയ നവകേരള സദസ് ജനുവരിയില്‍, പുതുക്കിയ തിയ്യതി ഇങ്ങനെ

1000 രൂപയായിരുന്നു ഇതുവഴി സഹായമായി ലഭിച്ചിരുന്നത്. പിന്നീട് ഓഗസ്റ്റിൽ 1250 ആക്കി ഉയർത്തി. ഈ പദ്ധതി അദ്ദേഹത്തെ ജനപ്രിയനാക്കിയെന്നാണ് വിലയിരുത്തപ്പെടുന്നത്. മധ്യപ്രദേശിൽ ദീർഘകാലം മുഖ്യമന്ത്രിയായിരുന്ന ആളാണ് ശിവ്‌രാജ് സിങ് ചൗഹാൻ. നാലുതവണകളിലായി 16 വർഷവും അഞ്ച് മാസവും മുഖ്യമന്ത്രിയായി തുടർന്നു.

അതേസമയം, ഇത്തവണയും ബിജെപി വിജയം നേടിയെങ്കിലും നരേന്ദ്രസിങ് തോമർ, ശിവ് രാജ് ചൗഹാൻ ഉൾപ്പടെയുള്ള പ്രമുഖരെ തള്ളി മോഹൻ യാദവാണ് മധ്യപ്രദേശിലെ പുതിയ മുഖ്യമന്ത്രിയായത്. ദിവസങ്ങൾനീണ്ട അഭ്യൂഹങ്ങൾക്ക് ഒടുവിലായിരുന്നു ഉജ്ജയിൻ സൗത്ത് മണ്ഡലത്തിൽനിന്നുള്ള യാദവിനെ മുഖ്യമന്ത്രിയായി ബിജെപി പ്രഖ്യാപിച്ചത്.

Exit mobile version