യാത്ര വിലക്ക് പിന്‍വലിച്ച് സൗദി അറേബ്യ; അതിര്‍ത്തികള്‍ ഇന്ന് തുറക്കും

റിയാദ്: കൊവിഡ് വകഭേദം കണ്ടെത്തിയ പശ്ചാത്തലത്തില്‍ സൗദി അറേബ്യ ഏര്‍പ്പെടുത്തിയ താല്‍ക്കാലിക യാത്രാ വിലക്ക് പിന്‍വലിച്ചു. ബ്രിട്ടനില്‍ ജനിതക മാറ്റം സംഭവിച്ച കൊവിഡിന്റെ വ്യാപനം കണ്ടെത്തിയതിനെ തുടര്‍ന്ന് ഡിസംബര്‍ 20 മുതലാണ് സൗദിയിലേക്ക് പ്രവേശന വിലക്ക് പ്രഖ്യാപിച്ചത്. ഇതേ തുടര്‍ന്ന് കര, വ്യോമ, നാവിക അതിര്‍ത്തികള് സൗദി അടച്ചിരുന്നു.

വിലക്ക് പിന്‍വലിച്ചതോടെ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഞായറാഴ്ച മുതല്‍ പുനരാരംഭിക്കും.സൗദി സമയം പതിനൊന്നുമണി മുതലാണ് യാത്ര വിലക്ക് നീക്കുന്നത്. വിമാന സര്‍വീസുകള്‍ക്ക് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് സൗദിയിലെത്താനായി യുഎഇയില്‍ എത്തിയവര്‍ അവിടെ കുടുങ്ങിയിരുന്നു. ഇവര്‍ക്ക് ഇനി സൗദിയിലേക്ക് പോകാനാകും.

അതേസമയം അന്താരാഷ്ട്ര സര്‍വീസുകള്‍ക്കുള്ള വിലക്ക് പൂര്‍ണമായും പിന്‍വലിച്ചിട്ടില്ല. അതിനാല്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് നേരിട്ട് സൗദിയിലെത്താന്‍ കഴിയില്ല. യുഎഇയില്‍ എത്തി അവിടെ നിന്നെ സൗദിയിലേക്ക് പോകാന്‍ സാധിക്കൂ.യുഎഇയിലെത്തി അവിടെ ഒരാഴ്ച ക്വാറന്റീന്‍ പൂര്‍ത്തിയാക്കി മാത്രമെ സൗദിയിലേക്ക് പോകാനാകു.

Exit mobile version