ജോലി നഷ്ടമായി നാട്ടിലേക്ക് മടങ്ങി; വീണ്ടും ദുബായിയിലെത്തിയ യുവാവിനെ കാണാനില്ല; പേഴ്‌സോ രേഖകളോ ഇല്ലാതെ കൺമുന്നിൽ നഷ്ടപ്പെട്ട ആഷിഖിനെ തേടി സുഹൃത്തുക്കൾ

ദുബായ്: രണ്ട് വർഷം മുമ്പ് ജോലി നഷ്ടപ്പെട്ട് യുഎഇയിൽ നിന്നും മടങ്ങിയെങ്കിലും വീണ്ടും ജോലി തേടി പ്രവാസ ലോകത്തെ പുൽകിയ മലയാളി യുവാവിനെ കാണാനില്ലെന്ന് പരാതി. ദുബായിയിൽ സുഹൃത്തുക്കളുടെ കൂടെ താമസിക്കുകയായിരുന്ന ചേനോത്ത് തുരുത്തുമ്മൽ ആഷിഖിനെ(31) കാണാനില്ലെന്ന് നാട്ടിലുള്ള ബന്ധുക്കളെ സുഹൃത്തുക്കൾ അറിയിക്കുകയായിരുന്നു.

ഇക്കഴിഞ്ഞ ശനിയാഴ്ച മുതലാണ് ആഷിഖിനെ കാണാതായത്. കൊവിഡ് പ്രതിസന്ധി മൂലം നാട്ടിലെ ജോലിയും നഷ്ടമായ ആഷിഖ് സന്ദർശക വിസയിലാണ് യുഎഇയിലെത്തിയത്. ഇന്റർനാഷണൽ സിറ്റി പേർഷ്യൻ ക്ലസ്റ്ററിലുള്ള സുഹൃത്തിന്റെ ഫളാറ്റിൽ നിന്നും അന്നേ ദിവസം ഉച്ചയ്ക്ക് മൂന്ന് മണിക്ക് നടക്കാനിറങ്ങിയ ആഷിഖിനെ പിന്നീട് കാണാതാവുകയായിരുന്നു എന്ന് റൂംമേറ്റും സുഹൃത്തുമായ അൽത്താഫ് സിഎയെ ഉദ്ധരിച്ച് ‘ഗൾഫ് ന്യൂസ്’ റിപ്പോർട്ട് ചെയ്തു.

ആഷിഖ് മറ്റൊരു സുഹൃത്തായ റമീസിനൊപ്പം നടക്കാനിറങ്ങിയതായിരുന്നു. എന്നാൽ താഴെയെത്തിയപ്പോൾ മാസ്‌കും പഴ്‌സും മറന്ന റമീസ് ഫഌറ്റിലേക്ക് തിരികെ പോവുകയും ആഷിഖ് താഴെ കാത്തുനിൽക്കുകയുമായിരുന്നു. റമീസ് തിരികെ വന്നപ്പോൾ ആഷിഖിനെ കാണാനില്ലായിരുന്നു. നടക്കാനിറങ്ങിയ ആഷിഖിന്റെ കൈയ്യിൽ സ്വന്തം മൊബൈൽ ഫോൺ, പേഴ്‌സ്, പാസ്‌പോർട്ട് ഉൾപ്പെടെ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് സുഹൃത്ത് പറയുന്നു.

ഒക്ടോബർ 17ന് യുഎഇയിലെത്തിയ ആഷിഖ് അതുവരെ പുറത്തിറങ്ങിയിരുന്നില്ല. ക്വാറന്റൈൻ കാലാവധി കഴിഞ്ഞ് അബുദാബിയിലേക്ക് പോകാനിരിക്കെയാണ് കാണാതായത്. ഒരു ഗ്രോസറി സ്‌റ്റോറിൽ ഒരു സുഹൃത്തിന്റെ സഹായത്തോടെ ആഷിഖിന് ജോലി ശരിയാക്കാൻ ശ്രമിക്കുകയായിരുന്നു.

ആഷിഖ് വർഷങ്ങളായി ജോലിയുമായി ബന്ധപ്പെട്ട് പ്രതിസന്ധി നേരിട്ടിരുന്നു. അബുദാബിയിൽ ഓയിൽ ആൻഡ് ഗ്യാസ് കമ്പനിയിൽ അസിസ്റ്റന്റ് ടെക്‌നീഷ്യനായി നാലുവർഷം ജോലി ചെയ്തിരുന്ന ആഷിഖ് രണ്ടു വർഷം മുമ്പാണ് ജോലി നഷ്ടമായി നാട്ടിലേക്ക് മടങ്ങി.

പിന്നീട്, നാട്ടിലെത്തിയ ആഷിഖ് ബംഗളൂരുവിൽ ഒരു ഹോട്ടലിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്ത് വരുമ്പോഴാണ് കൊവിഡ് മൂലം ജോലി നഷ്ടമായത്. ഇതോടെ വീണട്ും യുഎഇയിലേക്ക് തിരിക്കുകയായിരുന്നു. അൽത്താഫും മറ്റൊരു സുഹൃത്തും ചേർന്ന് ആഷിഖിന് യുഎഇയിൽ ഒരു ജോലി ശരിയാക്കാൻ സഹായിക്കാമെന്ന് അറിയിച്ചതോടെയാണ് ആഷിഖ് മടങ്ങിയത്.

ദുബായിയിൽ വലിയ പരിചയങ്ങളില്ലാത്ത ആഷിഖിനെ എത്രയും വേഗം സുരക്ഷിതമായി കണ്ടെത്താനായി എന്തുചെയ്യണമെന്നറിയാതെ കുഴങ്ങിയിരിക്കുകയാണ് സുഹൃത്തുക്കൾ. കാണാതാകുമ്പോൾ ബ്ലൂ-ഗ്രേ നിറത്തിലുള്ള റ്റി ഷർട്ടും ചാര നിറത്തിലുള്ള ട്രാക്ക് പാന്റും കറുത്ത മാസ്‌കുമായിരുന്നു ആഷിഖ് ധരിച്ചിരുന്നത്. ആഷിഖിന്റെ സുഹൃത്തുക്കൾ ഇയാളെ കാണാതായ വിവരം പോലീസിലും ദുബൈ ഇന്ത്യൻ കോൺസുലേറ്റിലും അറിയിച്ചിട്ടുണ്ട്. വിവരം ലഭിക്കുന്നവർ ദുബായ് പോലീസുമായി ബന്ധപ്പെടുക.

Exit mobile version