റോഡില്‍ അഭ്യാസ പ്രകടനം നടത്തുന്നവരെ പിടികൂടാന്‍ ഡ്രോണുകളുമായി കുവൈറ്റ് പോലീസ്

കുവൈറ്റ് സിറ്റി: റോഡില്‍ അഭ്യാസ പ്രകടനം നടത്തുന്നവരെ പിടികൂടാന്‍ ഡ്രോണുകളുമായി കുവൈറ്റ് പോലീസ്. കഴിഞ്ഞ ദിവസം പരീക്ഷണാടിസ്ഥാനത്തില്‍ പോലീസ് ഡ്രോണ്‍ നിരീക്ഷണം നടത്തിയിരുന്നു. ഗതാഗത വകുപ്പ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ജമാല്‍ അല്‍ സായിഗ്, ലൈസന്‍സിങ് കാര്യ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ യൂസുഫ് അല്‍ ഖദ്ദ എന്നിവരുടെ നേതൃത്വത്തിലാണ് ഡ്രോണ്‍ നിരീക്ഷണം നടത്തിയത്.

ആദ്യ ദിവസം തന്നെ വഫ്ര ഭാഗത്ത് റോഡില്‍ അഭ്യാസ പ്രകടനം നടത്തുന്നതായി നിരീക്ഷണത്തില്‍ കണ്ടെത്തിയിരുന്നു. വ്യക്തമായ ചിത്രങ്ങളും വീഡിയോയും പകര്‍ത്താന്‍ കഴിയുന്ന ഹൈ ഡെഫിനിഷന്‍ ക്യാമറ ഘടിപ്പിച്ച ഡ്രോണുകളാണ് ഗതാഗത നിയമ ലംഘനം നടത്തുന്നവരെ പിടികൂടുന്നതിനായി കുവൈറ്റ് പോലീസ് ഉപയോഗിച്ചത്.

ഇത്തരത്തില്‍ ലഭിക്കുന്ന ദൃശ്യങ്ങള്‍ ഗതാഗത നിയമ ലംഘനവുമായി ബന്ധപ്പെട്ട കേസുകളില്‍ കോടതിയില്‍ തെളിവായി സമര്‍പ്പിക്കാന്‍ സാധിക്കുമെന്നതിനാല്‍ ഡ്രോണുകള്‍ വ്യാപകമായി ഉപയോഗപ്പെടുത്താനാണ് പോലീസിന്റെ നീക്കം. രാജ്യത്ത് കൊവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ഫ്യൂ നടപ്പാക്കിയപ്പോള്‍ നിരീക്ഷണത്തിനും ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി ആഭ്യന്തര മന്ത്രാലയം ഡ്രോണുകള്‍ ഉപയോഗപ്പെടുത്തിയിരുന്നു.

Exit mobile version