പ്രവാസികള്‍ക്ക് കൂടുതല്‍ കരുതലുമായി കേരളാ സര്‍ക്കാര്‍..! കേരളീയരായ പ്രവാസികളുടെ നിയമപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ അഭിഭാഷകര്‍; സൗജന്യ സേവനമൊരുക്കി നോര്‍ക്ക

ദുബായ്: മലയാളി പ്രവാസികള്‍ക്ക് ഇതാ കൂടുതല്‍ കരുതലുമായി കേരളാ സര്‍ക്കാര്‍. ഇനി കേരളീയരായ പ്രവാസികളുടെ നിയമപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ അഭിഭാഷകരുടെ സൗജന്യ സേവനം ഒരുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി നോര്‍ക്ക റൂട്‌സിന്റെ നേതൃത്വത്തില്‍ പ്രത്യേക നിയമസഹായ സെല്‍ ഉടന്‍ ആരംഭിക്കും.

ജോലി സംബന്ധമായതും, വീസ, പാസ്‌പോര്‍ട്, മറ്റ് സാമൂഹിക പ്രശ്‌നങ്ങള്‍, ആശുപത്രി ചികില്‍സ, ജയില്‍ ശിക്ഷ തുടങ്ങി പ്രശ്‌നങ്ങള്‍ക്ക് അതാത് രാജ്യത്ത് മലയാളി അഭിഭാഷകരുടെ സേവനം നല്‍കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നോര്‍ക്ക റൂട്‌സ് തുടങ്ങുന്ന നിയമസഹായ സെല്ലിലേക്ക് ലീഗല്‍ ലൈസണ്‍ ഓഫീസര്‍മാരെ തിരഞ്ഞെടുക്കുന്നതിനായി മലയാളി അഭിഭാഷകരുടെ റിക്രൂട്‌മെന്റ് നടപടികള്‍ തുടങ്ങി.

കേരളത്തില്‍ കുറഞ്ഞത് രണ്ടുവര്‍ഷത്തെ അഭിഭാഷകജോലി ചെയ്തുള്ള പരിചയം, അതാത് വിദേശരാജ്യങ്ങളിലെ പ്രാദേശികഭാഷ സംസാരിക്കുവാനുള്ള കഴിവ് തുടങ്ങിയവയാണ് പ്രധാനയോഗ്യതകള്‍. norkaroots.net എന്ന വെബ്‌സൈറ്റിലൂടെ വിശദവിവരങ്ങളറിയാം. ഈ മാസം പതിനേഴാണ് അപേക്ഷ നല്‍കേണ്ട അവസാന തീയതി. ജിസിസി രാജ്യങ്ങള്‍ക്കു പുറമേ ഇറാഖ്, മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ പ്രവാസിമലയാളികള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ആദ്യഘട്ടത്തില്‍ ലഭിക്കുന്നതെന്ന് നോര്‍ക്ക റൂട്‌സ് സിഇഒ ഹരികൃഷ്ണല്‍ നമ്പൂതിരി വ്യക്തമാക്കി.

Exit mobile version