‘യഥാര്‍ത്ഥ ഹീറോ’; കോവിഡ് ബാധിച്ച് മരിച്ച മലയാളി നഴ്‌സിന്റെ വിയോഗത്തില്‍ അനുശോചനമറിയിച്ച് ഒമാന്‍

മസ്‌കറ്റ്: കോവിഡ് ബാധിച്ച് ഒമാനില്‍ മരിച്ച മലയാളി നഴ്‌സിന്റെ വിയോഗത്തില്‍ അനുശോചനമറിയിച്ച് ഒമാന്‍ ആരോഗ്യ മന്ത്രാലയം. പത്തനംതിട്ട സ്വദേശിയായ ബ്ലെസിയുടെ മരണത്തിലാണ് ഒമാന്‍ ദുഃഖം രേഖപ്പെടുത്തിയത്. ബ്ലെസി യഥാര്‍ത്ഥ ഹീറോയാണെന്ന് മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

കൊവിഡ് ബാധിച്ച് ഒമാനില്‍ മരണപ്പെടുന്ന ആദ്യ ആരോഗ്യ പ്രവര്‍ത്തകയാണ് ബ്ലെസി. അത്യന്തം വേദനയോടെയും ദുഃഖത്തോടെയും റോയല്‍ ആശുപത്രിയില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ട ബ്ലെസിയുടെ വിയോഗത്തില്‍ ഒമാന്‍ ആരോഗ്യ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തുന്നതായി മന്ത്രാലയത്തിന്റെ സന്ദേശത്തില്‍ പറയുന്നു.

മരണപ്പെട്ട ബ്ലെസി യഥാര്‍ത്ഥ ഹീറോയാണെന്നും ആത്മാര്‍ത്ഥമായ സേവനങ്ങളിലൂടെ മാതൃകയായിരുന്നെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയായി ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ഇബ്ര ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ബ്ലസി.

രോഗം മൂര്‍ച്ഛിച്ചതോടെ ചികിത്സക്കായി മസ്‌കറ്റിലെ റോയല്‍ ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇവിടെ തീവ്രപരിചരണവിഭാഗത്തില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. അടൂര്‍ ആനന്ദപ്പള്ളി കുളഞ്ഞികൊമ്പില്‍ സാം ജോര്‍ജിന്റെ ഭാര്യയാണ് ബ്ലെസി. വെണ്ണിക്കുളം ഇരുമ്പുകുഴി കുമ്പളോലി കുടുംബാംഗമാണ്. ഭര്‍ത്താവ് സാം ജോര്‍ജും രണ്ടു മക്കളും മസ്‌കറ്റിലെ സ്ഥിരതാമസക്കാരാണ്.

Exit mobile version