യൂറോപ്യൻ വിസ നിയന്ത്രണങ്ങൾക്ക് സമാനം; മടക്ക യാത്ര ടിക്കറ്റുണ്ടെങ്കിൽ മാത്രം ടൂറിസ്റ്റ് വിസ; കൂടുതൽ നിയന്ത്രണങ്ങളുമായി ദുബായ്

ദുബായ്: യുഎഇ വഴി മറ്റ് രാജ്യങ്ങളിലേക്ക് ഉൾപ്പടെ യാത്ര ചെയ്തിരുന്നവർക്കും ദുബായിയിലേക്ക് ജോലി തേടി പോയിരുന്നവർക്കും തിരിച്ചടിയായി പുതിയ വിസ നിയന്ത്രണം. ടൂറിസ്റ്റ് വിസകൾക്കാണ് ദുബായ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. വിസയ്ക്ക് അപേക്ഷിക്കുന്നവർ ആറു മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റ്, മടക്കയാത്രാ ടിക്കറ്റ്, മടങ്ങിപ്പോകുമെന്ന വാഗ്ദാനപത്രം, താമസിക്കുന്ന ഹോട്ടലിന്റെ റിസർവേഷൻ തെളിവ് തുടങ്ങിയവ ഹാജരാക്കണം. ബന്ധുക്കളെ സന്ദർശിക്കാൻ വരുന്നവർ ഈ രേഖകൾക്ക് ഒപ്പം ബന്ധുവിന്റെ മേൽവിലാസത്തിന്റെ തെളിവ്, അവരുടെ എമിറേറ്റ്‌സ് ഐഡിയുടെ പകർപ്പ് എന്നിവയും നൽകണം.

യൂറോപ്യൻ രാജ്യങ്ങളിലേക്ക് വിസയ്ക്ക് അപേക്ഷിക്കുമ്പോഴുള്ള നടപടികൾക്ക് സമാനമായ നിയന്ത്രണങ്ങളാണ് ഇതോടെ ഉണ്ടായിരിക്കുന്നത്. യുഎഇയിലേക്ക് ദുബായ് എമിറേറ്റ് മാത്രമായിരുന്നു ടൂറിസ്റ്റ് വിസ നൽകിയിരുന്നത്. ദുബായ് വഴി കുവൈറ്റ് ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് പോകുന്ന രീതിയും ഇതോടെ അവസാനിക്കും.

ഇന്ത്യക്കാർക്ക് കുവൈത്തിലേക്ക് നേരിട്ട് പ്രവേശനം നൽകാത്ത സാഹചര്യത്തിൽ പലരും ദുബായിയിലേക്ക് എത്തി 14 ദിവസം ക്വാറന്റൈൻ പൂർത്തിയാക്കി നെഗറ്റീവ് സർട്ടിഫിക്കറ്റുമായി കുവൈറ്റിലേക്ക് പോയിരുന്നു. നേരത്തെ, വിസ എടുത്ത ശേഷമാണ് മടക്ക യാത്രയ്ക്ക് ടിക്കറ്റ് എടുത്തിരുന്നത്. ഇനി മുതൽ മടക്കയാത്ര ടിക്കറ്റ് എടുത്തിട്ടു വേണം ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കാൻ.

Exit mobile version