വന്ദേ ഭാരത് മിഷന്‍; ആറാം ഘട്ടത്തില്‍ സൗദിയില്‍ നിന്ന് ഒമ്പത് വിമാനങ്ങള്‍ കൂടി

റിയാദ്: വന്ദേഭാരത് മിഷന്റെ ആറാം ഘട്ടത്തില്‍ സൗദിയില്‍ നിന്ന് ഒമ്പത് വിമാന സര്‍വീസുകള്‍ കൂടി അധികമായി പ്രഖ്യാപിച്ചു. നേരത്തേ പ്രഖ്യാപിച്ച പത്തൊമ്പത് സര്‍വീസിന് പുറമെയാണിത്. ഇതോടെ സെപ്റ്റംബര്‍ 15 വരെയുള്ള ഷെഡ്യൂളില്‍ പുതുതായി കേരളത്തിലേക്ക് മൂന്ന് സര്‍വിസുകള്‍ കൂടിയാണ് അധികമായി വന്നിരിക്കുന്നത്.

ദമ്മാമില്‍ നിന്നും കണ്ണൂരിലേക്ക് രണ്ട് സര്‍വീസും തിരുവനന്തപുരത്തേക്ക് ഒരു സര്‍വീസുമാണ് കേരളത്തിലേക്ക് അധികമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം പത്തിന് ഇന്‍ഡിഗോയും 13ന് എയര്‍ ഇന്ത്യയുമാണ് ദമ്മാമില്‍ നിന്നും കണ്ണൂരിലേക്ക് സര്‍വീസ് നടത്തുന്നത്. പതിനാലിന് എയര്‍ ഇന്ത്യ തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തും.

സെപ്റ്റംബര്‍ 11ന് ദമ്മാം-വിജയവാഡ-ഹൈദരാബാദ്, ദമ്മാം-മംഗളൂരു, 12ന് ദമ്മാം-ലക്നൗ-ഡല്‍ഹി, 14ന് ജിദ്ദ-ഹൈദരാബാദ്, 15ന് ദമ്മാം-അഹമ്മദാബാദ്-മുംബൈ, ജിദ്ദ-ഡല്‍ഹി-ലക്നൗ എന്നിവയാണ് പുതുതായി പ്രഖ്യാപിച്ച മറ്റ് വിമാനസര്‍വീസുകള്‍. ദമ്മാം-മംഗളൂരു റൂട്ടില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസും ബാക്കി റൂട്ടുകളില്‍ എയര്‍ ഇന്ത്യയുമാണ് സര്‍വീസുകള്‍ നടത്തുക. യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതത് വിമാനക്കമ്പനികളുടെ ടിക്കറ്റിങ് ഓഫീസില്‍ നേരിട്ട് ബന്ധപ്പെട്ട് ടിക്കറ്റുകള്‍ വാങ്ങാം. അതേസമയം യാത്രക്കാര്‍ ഇന്ത്യന്‍ എംബസി വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവരായിരിക്കണമെന്നും ആദ്യം വരുന്നവര്‍ക്ക് ആദ്യ മുന്‍ഗണന എന്ന ക്രമത്തിലാവും ടിക്കറ്റ് വില്‍പ്പനയെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു.

Exit mobile version