സൗദി അറേബ്യയില്‍ കാലപ്പഴക്കം ചെന്ന വീട് തകര്‍ന്ന് വീണു; മൂന്ന് മരണം, 12 പേര്‍ക്ക്

റിയാദ്: സൗദി അറേബ്യയില്‍ കാലപ്പഴക്കം ചെന്ന വീട് തകര്‍ന്ന് വീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. ജിദ്ദയിലെ റുവൈസ് ഡിസ്ട്രിക്റ്റിലായിരുന്നു സംഭവം. രാത്രി 10.30ഓടെയാണ് അപകടം സംബന്ധിച്ച് സുരക്ഷാ ഓപ്പറേഷന്‍സ് സെന്ററില്‍ വിവരം ലഭിച്ചതെന്ന് മക്ക സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ മുഹമ്മദ് ബിന്‍ ഉസ്മാന്‍ അല്‍ ഖറനി പറഞ്ഞു.

സിവില്‍ ഡിഫന്‍സ് സംഘവും രക്ഷാ പ്രവര്‍ത്തകരും സ്ഥലത്തെത്തി പരിസരത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചു. മൂന്ന് നിലകളുണ്ടായിരുന്ന വീടിന്റെ മുകളിലത്തെ നിലയാണ് നിലംപൊത്തിയത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ 15 പേരെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തു.

ഇവരില്‍ മൂന്ന് പേര്‍ സ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടിരുന്നു. മറ്റുള്ളവര്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം ആശുപത്രികളിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണം തുടങ്ങിയെന്ന് അധികൃതര്‍ അറിയിച്ചു.

Exit mobile version