യുഎഇയിൽ കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്; പള്ളികളിൽ 50 ശതമാനം പേർക്ക് പ്രവേശനം

അബുദാബി: യുഎഇയിൽ ഇന്നുമുതൽ കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിലെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ. പള്ളികളിൽ ഇന്ന് മുതൽ ആകെ ശേഷിയുടെ പകുതിപ്പേർക്ക് വരെ പ്രവേശിക്കാം. നാലു ദിവസത്തെ ബലിപെരുന്നാൾ അവധിക്ക് ശേഷം രാജ്യത്ത് ഇന്നുമുതൽ പൊതു-സ്വകാര്യ മേഖലകൾ പ്രവർത്തിച്ചു തുടങ്ങുമ്പോഴാണ് കൂടുതൽ ഇളവുകൾ പ്രാബല്യത്തിൽ വരുന്നത്. രാജ്യത്ത് കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് നൽകുന്നതിന്റെ ഭാഗമായാണ് പള്ളികളിൽ 50 ശതമാനം ആളുകൾക്ക് പ്രവേശനം അനുവദിക്കുന്നത്.

ജൂലൈ ഒന്നിന് കൊവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം പള്ളികൾ തുറന്നപ്പോൾ 30 ശതമാനം വരെ വിശ്വാസികളെ ഉൾക്കൊള്ളിച്ച് പ്രാർത്ഥന നടത്താൻ അനുമതി നൽകിയിരുന്നു. 50 ശതമാനം പേർക്ക് പ്രവേശിക്കാമെങ്കിലും വിശ്വാസികൾ പരസ്പരം രണ്ട് മീറ്റർ അകലം പാലിക്കണം. ബാങ്ക് വിളിക്ക് ശേഷം നമസ്‌കാരം ആരംഭിക്കേണ്ട സമയത്തിനിടയിലുള്ള ഇടവേള 10 മിനിറ്റാണ്. എന്നാൽ ഇത് മഗ്‌രിബ്(സന്ധ്യാ പ്രാർത്ഥന) പ്രാർത്ഥനയ്ക്ക് അഞ്ച് മിനിറ്റ് മാത്രമാണ്. അധികൃതർ നിർദേശിച്ചിട്ടുള്ള കൊവിഡ് മുൻകരുതൽ നടപടികൾ പാലിക്കുന്നത് തുടരണം. 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും 12 വയസ്സിൽ താഴെയുള്ളവർക്കും പള്ളികളിൽ പ്രവേശനാനുമതിയില്ല.

കൂടാതെ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവരും കൊവിഡ് രോഗികൾക്കൊപ്പം താമസിക്കുന്നവരും പള്ളികളിലെത്തരുതെന്ന് അധികൃതർ നിർദ്ദേശിച്ചു. അവരവർക്ക് നമസ്‌കരിക്കാനുള്ള പായകളും വിശ്വാസികൾ തന്നെ കൊണ്ടുവരണം. എല്ലാവരും മാസ്‌ക് ധരിക്കുകയും അൽ ഹൊസ്ൻ ആപ്പ് ഡൗൺലോഡ് ചെയ്യുകയും വേണം. ാേ

Exit mobile version